കാസർകോട് മെഡിക്കൽ കോളേജ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വേറിട്ട സമരം നടത്തി സമര സമിതി. പണിതീരാത്ത കെട്ടിടത്തിൽ നിന്ന് 'പ്രേതം' എന്ന് വിളിച്ച് പുറത്തേക്ക് ഓടി, സർക്കാരിന്റെ അനാസ്ഥ തുറന്നുകാട്ടുന്ന 'ഞെട്ടിക്കൽ സമര'മാണ് അരങ്ങേറിയത്.

കാസർകോട്: പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും "പ്രേതം പ്രേതം" എന്ന് വിളിച്ചു പറഞ്ഞ് ഒരുകൂട്ടം ആളുകൾ പുറത്തേക്ക് ഓടി വരുന്നത് കണ്ടപ്പോൾ ഭീതിയിലായി കാസർകോട് മെഡിക്കൽ കോളേജ് പരിസരം. എന്നാൽ പുതിയ സമര രീതിയാണെന്ന് അറിഞ്ഞതോടെ എല്ലാവർക്കും ആശ്വാസം. എന്നാലും ചിലർക്ക് സംശയം ഇനി അവിടെ പ്രേതം ഉണ്ടാകുമോ?എന്ന്. കാസർകോട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുക എന്നാവശ്യപ്പെട്ട് സമര സമിതി നടത്തിയ ഞെട്ടിക്കൽ സമരമാണ് എല്ലാവരെയും ഞെട്ടിച്ചത്. പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും സമര സമിതി പ്രവർത്തകർ പെട്ടെന്ന് പ്രേതം പ്രേതം പറഞ്ഞു പുറത്തേക്ക് ഓടി വരികയായിരുന്നു. കാസർകോട് മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥക്കെതിരെയാണ് വേറിട്ട സമരവുമായി സമര സമിതി എത്തിയത്. നിർമാണം പാതിവഴിയിലായ കെട്ടിടത്തിൽ പ്രേതത്തെ കണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണ് പ്രതീകാത്മകമായി പ്രതിഷേധം ആവിഷ്കരിച്ചത്. സർക്കാരിന്റെ അനാസ്ഥ തുറന്നു കാട്ടാൻ ആണ് ഞെട്ടിക്കൽ സമരത്തിലൂടെ ശ്രമിച്ചതെന്നും അവർ പറഞ്ഞു. തറക്കല്ലിട്ട് 13 വർഷം കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം നിർമാണം പൂർത്തിയാക്കാത്തതിന് എതിരെ രണ്ടാംഘട്ട സമരമാണ് ഇന്ന് ആരംഭിച്ചത്. സമരത്തിൽ നിരവധിപ്പേർ പങ്കെടുത്തു.