
തൃശൂർ: മൊബൈൽ ഫോണിന് തകരാറുണ്ടെന്ന് അറിയിച്ചപ്പോൾ ഫോൺ വാങ്ങി വെച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും റിപ്പയർ ചെയ്ത് തിരികെ നൽകാതിരുന്ന സംഭവത്തിൽ പരാതിക്കാരന് അനുകൂല വിധി. മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയിൽ വീട്ടിൽ ജിബിൻ എൻ യു ഫയൽ ചെയ്ത ഹർജിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്.
തൃശൂർ കൂർക്കഞ്ചേരിയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, ദില്ലിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെയാണ് ജിബിൻ ഹർജി ഫയൽ ചെയ്തത്. ജിബിൻ തൃശൂരിലെ സതേൺ സ്മാർട്ട് ടച്ചിൽ നിന്ന് 27000 രൂപ നൽകി ഫോൺ വാങ്ങി. ഫോണിൻ്റെ സിം പ്രവർത്തനക്ഷമമാകാതായതോടെ ഫോൺ വാങ്ങിയ കടയെ സമീപിച്ചു. സതേൺ സ്മാർട്ട് ടച്ചിൽ പരാതിപ്പെട്ടപ്പോൾ സർവ്വീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
എന്നാൽ ഫോൺ വാങ്ങി വെച്ച ഏക്സസ് ഇലക്ട്രാണിക്സ് തകരാർ പരിഹരിച്ച് ഫോൺ തിരിച്ച് നൽകിയില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഫോണിൻ്റെ തകരാറുകൾ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്നും റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിൻ കൊടുത്തില്ലെന്നുമായിരുന്നു എതൃകക്ഷികളുടെ വാദം.
ഫോണിൻ്റെ തകരാറുകൾ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകൾ ഹാജരാക്കുകയോ ഫോൺ കോടതി മുമ്പാകെ ഹാജരാക്കുകയോ എതൃകക്ഷികൾ ചെയ്തില്ല. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, ഫോണിന്റെ നിർമ്മാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിൻ്റെ വിലയായ 27000 രൂപ നൽകുവാനും സർവ്വീസ് സെൻ്ററായ ഏക്സസ് ഇലക്ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നൽകുവാനും പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam