
കൊച്ചി: പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പും കൂടുതൽ ശക്തമാക്കുന്നതിനായി കൊച്ചി മെട്രോ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് മോക്ക് ഡ്രിൽ നടത്തി. മെട്രോ സ്റ്റേഷനിലും അതിന്റെ പരിസരങ്ങളിലും വിവിധ സാഹചര്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തിരക്ക്, പരക്കം പായൽ തുടങ്ങിയവ നേരിടുന്നതിനുള്ള വിവിധ ഏജൻസികളുടെ പ്രവർത്തന തയ്യാറെടുപ്പ് , ഏകോപനം, പ്രതികരണ ശേഷി, തുടങ്ങിയവ വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു മോക്ക് ഡ്രിലിന്റെ ലക്ഷ്യം.
പാലാരിവട്ടം സ്റ്റേഷന്റെ പ്രവേശന ഭാഗത്ത് കൃതൃമ സാഹചര്യം സൃഷ്ടിച്ചാണ് അടിയന്തര പ്രോട്ടോകോൾ സംവിധാനം പ്രവർത്തന സജ്ജമാക്കി മോക്ക് ഡ്രിൽ നടത്തിയത്. തുടർന്ന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ (SOP), ആശയവിനിമയത്തിലും വിഭവ വിന്യാസത്തിലും ഉള്ള പോരായ്മകൾ , ഏജൻസികൾ തമ്മിലുള്ള സുഗമമായ സഹകരണം തുടങ്ങിയവ വിലയിരുത്തി. കൊച്ചി മെട്രോ ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ് & മെയിന്റനൻസ്), എ. മണികണ്ഠന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ക് ഡ്രില്ലിൽ എസ്‌ഡിജിഎം (ഓപ്പറേഷൻസ്) സായ് കൃഷ്ണ, ഡി.ജി.എം (സേഫ്റ്റി) അരുൺ, ചീഫ് സെക്യൂരിറ്റി ഓഫീസർ ജിജിമോൻ കെ. എം, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിസാമുദ്ദീൻ, കൊച്ചി മെട്രോ സ്പെഷ്യൽ പൊലീസ് ഓഫീസർ കമാൻഡിംഗ് ബിനു, കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, സനീഷ് എസ്, ഫയർ & റെസ്ക്യൂ സർവീസസ് അസിസ്റ്റന്റ് ഫയർ ഓഫീസർ ജീവൻ ഐസക്ക്, എറണാകുളം ആർ.എം.ഒ ഡോ. വർഗീസ് തോമസ് , ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പുതുവര്‍ഷാഘോഷത്തിന് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്നവര്‍ക്ക് ഏറ്റവും സുരക്ഷിത യാത്രയ്ക്കുള്ള സജ്ജീകരണങ്ങള്‍ വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം രാത്രി ഏഴുമണിവരെയാണ് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേക്ക് സര്‍വ്വീസ് അനുവദിച്ചിരിക്കുന്നത്.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
പുലർച്ചെ നാല് മണി വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈകോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു. അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam