
കല്‍പ്പറ്റ: വയനാട്ടില്‍ അമിത പലിശ ഈടാക്കി പണം വായ്പ നല്‍കുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസ്. കൊള്ളപ്പലിശ വാങ്ങിക്കുന്നുവെന്ന പരാതിയില്‍ മൂന്നുപേരെയാണ് കഴിഞ്ഞ ഗിവസം പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി മൈത്രിനഗര്‍ ഗീതാ നിവാസില്‍ എം.ബി. പ്രതീഷ് (47), പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി എം.ജെ. ജ്യോതിഷ് (35), തമിഴ്നാട് ഈറോഡ് ഒപ്പംപാളയം സ്വദേശിയും സുല്‍ത്താന്‍ബത്തേരി അമ്മായിപ്പാലത്ത് വാടക താമസിക്കാരനുമായ സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതീഷിനെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെയും മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് മറ്റിടങ്ങളില്‍ പര്‌ശോധന നടന്നത്. മാനന്തവാടി ചൂട്ടക്കടവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതീഷ് പണം നല്‍കി പലിശ ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇവിടെ നിന്ന് ആറ് ചെക്ക്ലീഫും മൂന്ന് ആര്‍.സി. ബുക്കുകളും ഒരു സ്റ്റാമ്പ് പേപ്പറും 3,80,900 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്യോതിഷിന്റെ വീട്ടില്‍നിന്ന് 54,000 രൂപയും, 27 ആധാരങ്ങളും, സതീഷിന്റെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് 3,39,500 രൂപയും, ഒരു ബ്ലാങ്ക് ചെക്കും അഞ്ചുഡയറികളും കണ്ടെത്തി. ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കുന്നതിനുള്ള 'ഓപ്പറേഷന്‍ കുബേര'യുടെ ഭാഗമായി മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പള്ളി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പരിശോധന നടത്തിയത്.
പണം പലിശ വാങ്ങി വായ്പ നല്‍കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് 18 പേരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൊള്ളപ്പലിശ ഈടാക്കുന്നവര്‍ക്കായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ. കെ.കെ. സോബിന്‍, ജൂനിയര്‍ എസ്.ഐ. സാബു ചന്ദ്രന്‍, എ.എസ്.ഐ. സജി, സീനിയര്‍ സിവില്‍ പൊലീസ് ഷൈല, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ്, സാഗര്‍രാജ്, രഞ്ജിത്ത്, അനീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ബ്ലേഡ് മാഫിയക്കുനേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദും വ്യക്തമാക്കി.
Read More : എസ് രാജേന്ദ്രന് ആശ്വാസം: രേഖകൾ പരിശോധിക്കാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam