വയനാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കര്‍ണാടക സ്വദേശിക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

By Web TeamFirst Published Feb 28, 2019, 1:12 PM IST
Highlights

കുരങ്ങുപനി ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ബൈരക്കുപ്പ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. 

കല്‍പ്പറ്റ: വയനാട് കുരങ്ങുപനി ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ബൈരക്കുപ്പ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടക ബൈരക്കുപ്പ സ്വദേശിയായ 35കാരനാണ് ജില്ലാആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. 

കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ഇയാളെ മൈസൂരു മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതോടെ ഇതുവരെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നാലായി. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിലുള്ള രണ്ട് പേര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ബൈരക്കുപ്പ സ്വദേശിയായ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒമ്പത് പേരുടെ ഫലം നെഗറ്റീവായിരുന്നു. 

കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ ഇപ്പോഴും ജില്ലയുടെ പലഭാഗത്തും ഉണ്ട്. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാന്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ജനവാസ പ്രദേശങ്ങളിലേക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടാല്‍  വിവരം അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ജില്ലയില്‍ ഇതുവരെ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ പരിധിയിലുള്ള ഇരുവരും കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ പണിക്കുപോയവരാണ്. ബൈരക്കുപ്പയില്‍നിന്നാണ് ഇരുവര്‍ക്കും രോഗം പിടിപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. 

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ 52 കുരങ്ങുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പനി ബാധിച്ചാണോ കുരങ്ങുകള്‍ ചത്തതെന്ന് അറിയാനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് പരിശോധനാഫലം ലഭിച്ചവയില്‍ പനി ബാധിച്ചല്ല കുരങ്ങുകള്‍ ചത്തതെന്ന് വ്യക്തമായിട്ടുണ്ട്.


 

click me!