കാട്ടുതീ പടര്‍ന്നതോടെ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ക്ക് പിടിവീണു, ഇടുക്കിയില്‍ കണ്ടെടുത്തത് 600 ലിറ്റര്‍ കോട

By Web TeamFirst Published Mar 30, 2020, 9:39 PM IST
Highlights

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, കമ്പംമെട്ട്, ചെല്ലാര്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതായി...
 

ഇടുക്കി: അതിര്‍ത്തി മേഖലയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ ദൃശ്യമായത് വ്യാജ വാറ്റ് കേന്ദ്രങ്ങള്‍. രാമക്കല്‍മേട്ടില്‍ പുറമ്പോക്ക് ഭൂമിയില്‍ ഒളിപ്പിച്ചിരുന്ന 600 ലിറ്റര്‍ കോട നശിപ്പിച്ചു. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ ചാരായ നിര്‍മ്മാണം തടയുന്നതിനായി അതിര്‍ത്തി മേഖലകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, കമ്പംമെട്ട്, ചെല്ലാര്‍ കോവില്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതായി എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം അണക്കരയിലെ റിസോര്‍ട്ടില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും തോക്കും കണ്ടെടുത്തിരുന്നു. 

അതിര്‍ത്തിയിലെ വന മേഖല, കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം. പല മേഖലകളും എളുപ്പത്തില്‍ എത്തിച്ചേരാനാവാത്തതാണെന്നതും കുറ്റിക്കാടുകളും മുള്‍ച്ചെടികളും നിറഞ്ഞ ദുര്‍ഗഡ പ്രദേശങ്ങളാണെന്നതും പരിശോധനകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നു. രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയ്ക്ക് സമീപം കോട സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. ഇത് എവിടെ എന്നത് കണ്ടെത്തുക ദുഷ്‌കരമായിരുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം മേഖലയില്‍ പടര്‍ന്ന് പിടിച്ച കാട്ട് തീയെ തുടര്‍ന്നാണ് കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കോട ദൃശ്യമായത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ഡി, പ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എംപി, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ശശീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോര്‍ജ് വി. ജോണ്‍സണ്‍, ജസ്റ്റിന്‍ പി.സി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

click me!