വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍; തടവുകാര്‍ക്ക് പല നീതിയെന്ന് ആരോപണം

Published : Feb 07, 2019, 07:42 PM IST
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍; തടവുകാര്‍ക്ക് പല നീതിയെന്ന് ആരോപണം

Synopsis

 ഇവിടെ നിന്നും തടവുകാരെ ഉപയോഗിച്ച് സിമന്റും മറ്റും കടത്തി വാര്‍ഡന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ നടത്തിച്ചുവെന്നും ആരോപണമുണ്ട്.  

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു വിഭാഗം കുറ്റവാളികള്‍ക്ക് സുഖവാസവും 'ഉന്നത ജോലി'യും മറ്റുള്ളവര്‍ക്ക് ഉദ്യോഗസ്ഥരുടെ വീട്ടുജോലികളും പീഡനങ്ങളും. ജയിലിലെ വിവേചനം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനോ രേഖാമൂലം പരാതികള്‍ നല്‍കിക്കാനോ തയ്യാറാവാത്തതിനെതിരെ അന്തേവാസികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്ത് വിയ്യൂര്‍ ജയിലില്‍ നിന്ന് തടവ് ചാടിയ പ്രതി ജയില്‍ ഉദ്യാഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളെന്നെന്നും ആരോപണമുയരുന്നു. 

അന്തേവാസികളുടെ തമ്മിലടിയും സംഘട്ടനങ്ങളും വൈര്യവും ഉണ്ടാക്കിയെടുക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും പെരുകുന്നു. ജയിലില്‍ പതിവുള്ള ജില്ലാ ജഡ്ജിയുടെ സന്ദര്‍ശന വേളയില്‍ അധികൃതരുടെ ചെയ്തികള്‍ക്കെതിരെ പരാതി ഉന്നയിക്കാനാണ് അന്തേവാസികളുടെ ശ്രമം. വാര്‍ഡന്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ കോണ്‍ക്രീറ്റിങ്ങിനും കൃഷി, ചെടിത്തോട്ടം ഒരുക്കല്‍ എന്നിവയ്ക്കുമെല്ലാം ജയില്‍ അന്തേവാസികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ജയില്‍ കോമ്പൗണ്ടിനകത്ത് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇവിടെ നിന്നും തടവുകാരെ ഉപയോഗിച്ച് സിമന്റും മറ്റും കടത്തി വാര്‍ഡന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ നടത്തിച്ചുവെന്നും ആരോപണമുണ്ട്.  സംഭവം മേലുദ്യോഗസ്ഥരറിഞ്ഞ് ചര്‍ച്ചയായെങ്കിലും മറ്റുള്ളവരും ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കുന്നുണ്ടെന്ന മറുവാദമുന്നയിച്ച് വാര്‍ഡന്‍ ആരോപണങ്ങളെ തള്ളുകയായിരുന്നു. ഇതോടെ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന നടപടിയുണ്ടായില്ല. 

തടവുകാര്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരെ കയ്യിലെടുക്കുന്നതിന്റെ ഭാഗമായി തടവുകാരില്‍ തന്നെ ഒരു വിഭാഗം പരാതികള്‍ നല്‍കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടഞ്ഞതായും ആരോപണമുയര്‍ന്നു. മാസങ്ങള്‍ക്ക് മുമ്പ് ജയിലിലേക്ക് കൊണ്ടുവന്ന മദ്യവും കഞ്ചാവും പിടിച്ചെടുത്തിരുന്നു. ലഹരി വസ്തുക്കള്‍  ജയിലിനുള്ളില്‍ എത്തിയതില്‍ വാര്‍ഡന്‍മാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിലും നടപടിയുണ്ടായിട്ടില്ല. 

ജയില്‍ കോമ്പൗണ്ടിന് പുറത്തേക്ക് തടവുകാരെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം. ജയിലിന് മുന്നിലെ ചപ്പാത്തി കൗണ്ടറില്‍ തടവുകാരുണ്ടെങ്കിലും ഇത് പ്രത്യേക ഇളവോടെ നിയമാനുസൃതമാണ്. എന്നാല്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളെ ഡ്രൈവര്‍മാരായി പോലും ചില ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് തടവുശിക്ഷയെന്ന് പേര് മാത്രമാണെങ്കിലും ജയിലില്‍ സുഖവാസമാണ്. 

ഇവര്‍ക്ക് പ്രത്യേകം സ്വാതന്ത്ര്യവും ജയിലിലും പുറം ജയിലിലും നല്‍കുന്നത് ജയില്‍ അന്തേവാസികള്‍ക്കിടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച ജയിലില്‍ നിന്നും കടന്നുകളഞ്ഞ കൊലക്കേസ് പ്രതി ജീവനക്കാരുമായി ഏറെ അടുപ്പവും സൗഹൃദവുമുള്ള വിശ്വസ്ഥന്‍ കൂടിയായിരുന്നുവെന്നാണ് പറയുന്നത്. ഇയാളെ ഇനിയും പിടികൂടാനായിട്ടില്ല. എറണാകുളം പുത്തന്‍കുരിശ് സ്വദേശി രഞ്ജനാണ് ജയില്‍ ചാടിയത്. ഡിഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു
സച്ചി കവിതാ പുരസ്കാരം വിഷ്ണുപ്രിയക്ക്; അവാർഡ് 'ഇണക്കമുള്ളവരുടെ ആധി 'എന്ന കവിതാ സമാഹാരത്തിന്