
ആലപ്പുഴ:സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ മറവിലും സിപിഎം ഭരിക്കുന്ന കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് അരങ്ങേറി. ബാങ്ക് പത്തേക്കറില്‍ കൃഷി നടത്തി നല്ല വിളവെടുത്തിട്ടും ഒരു രൂപ പോലും വരുമാനം കിട്ടിയില്ലെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തി. കൃഷിയുടെ പേരില്‍ ചെലവിട്ടത് മൂന്ന് ലക്ഷം രൂപയും. വിളയിച്ചെടുത്ത നെല്ല് വില്‍ക്കാതെ ബാങ്ക് പരിസരത്ത് കെട്ടിക്കിടന്ന് നശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പരന്പര തുടരുന്നു,
സിപിഎം ഭരിക്കുന്ന കണ്ടല്ലൂര്‍ സഹകരണ ബാങ്കിന്‍റെ ആസ്ഥാന മന്ദിരത്തിലേക്ക് കയറി ചെല്ലുമ്പോൾ കാണുന്നത് ചാക്കുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന നെല്ല്.വായ്പ നല്‍കുന്നതിനൊപ്പം ബാങ്ക് നെല്ല് കച്ചവടവും തുടങ്ങിയതല്ല. സംഭവിച്ചത് ഇങ്ങിനെ.സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതി സഹകരണ മേഖലവഴിയും നടപ്പാക്കാന്‍ തീരുമാനിച്ചു. സഹകരണ സംഘം രജിസട്രാര്‍ സര്‍ക്കുലര്‍ ഇറക്കി.
ചുരുങ്ങിയത് 50 സെന്‍റിലെങ്കിലും മാതൃകാ കൃഷിത്തോട്ടം തയ്യാറാക്കണം. സന്നദ്ധ സേവനത്തിന് മുന്‍തൂക്കം നല്‍കണം, ചെലവ് ചുരുക്കി വേണം നടപ്പാക്കാന്‍. ഇതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകൾ
ബാങ്ക് തന്നെ നേരിട്ട് പത്തേക്കറില്‍ കരനെല്ല് കൃഷി നടത്തി. 140 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ വിത്തും വളവും ഉൾപ്പെടുന്ന ഗ്രോബാഗുകൾ തയ്യാറാക്കി. എന്നാല്‍ ഇത് കൊണ്ട് ഒരു നേട്ടവും ബാങ്കിന് ഉണ്ടായില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നല്ല വിളവുണ്ടായി. ഒരു നെൽമണി പോലും വിറ്റില്ല.വിളയിച്ച നെല്ലും ഗ്രോബാഗുകളും ബാങ്ക് പരിസരത്ത് കാറ്റിലും മഴയിലും കിടന്ന നശിക്കുകയാണ്. ഒരു രൂപ പോലും ലാഭമില്ല. ചെലവാകട്ടെ മൂന്ന് ലക്ഷം രൂപയും. ഭരണസമിതിയുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു
നെല്ല് വില്‍ക്കാന്‍ കഴിയാത്തതിന് കൊവിഡിനെ കുറ്റപ്പെടുത്തുകയാണ് ഭരണസമിതി. മാത്രമല്ല, വിത്തായി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും വിവാദം മൂലം കഴിഞ്ഞില്ലെന്നും അടുത്ത ന്യായീകരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam