
മലപ്പുറം: തിരൂരിലെ ചെരുപ്പുകടയിലെ കവർച്ച നടത്തിയതിന് പിടിയിലായ മുൻ ജീവനക്കാരൻ നിസാമുദ്ദീന്റെ വീട്ടിലെ അടുക്കളയുടെ റാക്കിന് മുകളിൽ ഒളിപ്പിച്ചിരുന്ന പണം പൊലീസ് കണ്ടെത്തി. കടയിൽ നിന്നും കവർന്ന 904810 രൂപയാണ് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കാനായി കവർന്ന സിസിടിവി ഡിവിആർ പുഴയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. ഇതനുസരിച്ച് പുഴയിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരൂർ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കവർച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാർ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവർച്ചാ വിവരം അറിയന്നത്.
ഓഫിസ് മുറിയുടെ ഗ്ലാസ് തകർക്കപ്പെട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സെയിൽസ് കൗണ്ടറിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി. ഓഫിസ് മുറിയിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആർ ഉൾപ്പടെയുള്ളവയും കവർന്നിരുന്നു. കേസിൽ മണിക്കൂറുകൾക്കുള്ളിലാണ് കവർച്ച നടത്തിയ മുൻ ജീവനക്കാരൻ കോലൂപാലം സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ധീനെ പൊലീസ് പിടികൂടിയത്.
സീനത്ത് ലെതർ പ്ലാനറ്റിനു സമീപത്തെ ഷോപ്പിന്റെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. രൂപ സാദൃശ്യത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിസാമുദ്ധീൻ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിവിആറിനായി പൊലീസ് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ് ഐ കെ പ്രദീപ്കുമാർ, സി പി ഒ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഹിരൺ എന്നിവരടങ്ങുന്ന സംഘമാണ് കവർച്ച് നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസിന്റെ അഭിമാനമായത്. അന്ന് രാത്രി തന്നെ നിസാമുദ്ധീനെ സീനത്ത് ലെതർ പ്ലാനറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ പരിശോധന ഉൾപ്പടെ പൂർത്തിയാക്കി. വൈകിട്ട് മൂന്നരയോടെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam