
പൂച്ചാക്കല്‍ : പ്രളയക്കെടുതിക്ക് പിന്നാലെ വേമ്പനാട്ട് കായലിലെ മല്‍സ്യ സമ്പത്തിന് ഭീഷണിയായി പിരാന മല്‍സ്യവും. റെഡ് ബെല്ലി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പിരാന മല്‍സ്യങ്ങളെ വിവിധയിടങ്ങളില്‍ സ്വകാര്യ കുളങ്ങളില്‍ വളര്‍ത്തിയിരുന്നത് കായലിലേക്ക് ഒഴുകിയെത്തിയതാകുമെന്നാണ് വിലയിരുത്തുന്നത്. ചെറു മത്സ്യങ്ങളെ തിന്നുന്നതിനാല്‍ ശുദ്ധജലതടാകങ്ങള്‍ക്ക് ഭീക്ഷണിയാണ് ഈ മല്‍സ്യങ്ങള്‍.
പെട്ടന്ന് വളര്‍ച്ച പ്രാപിക്കുകയും രുചിയുള്ള ഇറച്ചിയുമായതിനാല്‍ നിരവധി പേരാണ് വേമ്പനാട്ട് കായലിന്റെ പരിസര പ്രദേശങ്ങളില്‍ സ്വകാര്യ കുളങ്ങളില്‍ ഇവയെ വളര്‍ത്തിയിരുന്നത്. കായലിലെ തദ്ദേശ മല്‍സ്യ സമ്പത്തിന് ഭീഷണിയാകുമെന്ന് ആശങ്കയുണ്ടെങ്കിലും നിലവില്‍ കായലില്‍ ചൂണ്ടയിടുന്നവര്‍ക്ക് പിരാന മല്‍സ്യത്തിന്റെ ചാകരയാണ് ലഭിക്കുന്നത്. എന്നാല്‍ മല്‍സ്യ ബന്ധന വലകള്‍ കീറി രക്ഷപെടാന്‍ സാധിക്കുന്ന വിധത്തിലുള്ള പല്ലുകള്‍ ഉള്ളതിനാല്‍ വലക്കാര്‍ക്ക് പിരാന കിട്ടുന്നത് അപൂര്‍വ്വമാണ്.
മാംസത്തോട് ആര്‍ത്തിയുമുള്ള മത്സ്യമെന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. 14 വീതം രണ്ടു നിരകളില്‍ 28പല്ലുകളുണ്ട്. സാധാരണ 610 ഇഞ്ച് നീളവും 18 ഇഞ്ച് വലിപ്പവും 20 മുതല്‍ 30 വരെ ഭാരവും ഇവയ്ക്ക് ഉണ്ടാകും. 10 വര്‍ഷം വരെയാണ് ഇതിന്റെ ആയുസ്. എന്നാല്‍ വേമ്പനാട്ട് കായലില്‍ ഇത്തരത്തില്‍ എത്തിയിട്ടുള്ള പിരാന മല്‍സ്യങ്ങള്‍ എത്രത്തോളമെന്നതിനെക്കുറിച്ച് മല്‍സ്യ വകുപ്പിന് ഇതുവരെ വ്യക്തതയായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam