
കാസർഗോഡ്: പണം അധികമുണ്ടായിട്ടല്ല ലോട്ടറി വില്‍പ്പനക്കാരനായ ജോസഫ് ഒടയംചാലിലെ കവലയില്‍ കയ്യില്‍ നിന്ന് പണമെടുത്ത് സിസിടവികള്‍ സ്ഥാപിച്ചത്. തന്‍റെ നാട്ടില്‍ എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാല്‍ അത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന ഉറച്ച തീരുമാനമാണതിന് പിന്നില്‍. കാസര്‍ഗോട്ടെ ഒടയംചാലിലെ പുറംമ്പോക്കില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന ജോസഫ് കൈതമറ്റം എന്ന ജോസഫേട്ടന്‍ ആറ് സിസിടിവികളാണ് കവലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ മോണിറ്റര്‍ ജോസഫിന്‍റെ ലോട്ടറി സ്റ്റാളിലാണുള്ളത്. 65,000 രൂപയാണ് ജോസഫ് കാമറ സ്ഥാപിക്കാൻ സ്വന്തം കീശയിൽ നിന്നും ചെലവഴിച്ചത്. ജോസഫും ഭാര്യ വത്സലകുമാരിയും ചേർന്നു നടത്തുന്ന ഹരിത കാവേരി ലോട്ടറി സ്റ്റാളിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇതിനു വേണ്ടി ചെലവഴിച്ചത്. സിസിടിവി ക്യാമറ സംവിധാനം ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെക്കൊണ്ട് ഉദ്ഘാടനം നിർവഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ജോസഫ് കൈതമറ്റം.
അമ്പലത്തറ, രാജപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഒടയംചാൽ ടൗൺ. മലയോരത്തേക്കുള്ള കവാടമായി വിശേഷിപ്പിക്കുന്ന ഒടയംചാലിൽ നിന്നാണ് പാണത്തൂർ, ചെറുപുഴ,കൊന്നക്കാട് റോഡുകൾ പിരിഞ്ഞു പോകുന്നത്. ഒടയംചാൽ കവല സംഘർഷമേഘലയോ മോഷ്ടാക്കളുടെ ശല്യമോയുള്ള ഇടമല്ല. പക്ഷേ ജോസഫിന്‍റേത് ഒരുമുന്‍കരുതല്‍ മാത്രമാണ്. താൻ ഉൾക്കൊള്ളുന്ന ടൗണിൽ ഭാവിയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത് നിയമത്തിന്റെ വഴിയിൽ കൊണ്ടുവരണമെന്ന ജോസഫിന്‍റെ നിര്‍ബന്ധം. നിയമത്തിനു നിരക്കാത്ത പ്രവർത്തി കണ്ടാൽ പോലീസിൽ തെളിവു സഹിതം വിവരം കൈമാറണം.അഴിമതിക്കെതിരെയുള്ള ആശയങ്ങളുമായി കാസർഗോഡ് പാർലമെന്‍റ് മണ്ഡലത്തിലേക്കും, തന്‍റെ പഞ്ചായത്തിലെ വാർഡിലും ഇദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
ജോസഫിന്‍റെ ഹരിതകാവേരി സ്റ്റാളില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് കഴിഞ്ഞമാസം 15 ന് നറുക്കെടുത്ത കേരള ലോട്ടറി പൌര്‍ണമിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ഒടയംചാലിലും പരിസരത്തുമുള്ളവരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കൾ വയനാട്ടിലേക്കെത്തിച്ച വാഹനത്തിന്റെ വാടക വഹിച്ചതും ജോസഫ് കൈതമറ്റമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam