
മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകച്ചതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ദൂര പരിധിയിലെ മൂന്നു ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്തു. രാത്രി വൈകിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. കുറ്റി മൂലയിലെ കര്‍ഷകന്റെ ഫാമിലുള്ള 29 പന്നികളെയാണ് ബുധനാഴ്ച്ച ദൗത്യസംഘം ആദ്യം ദയാവധത്തിന് വിധേയമാക്കിയത്.
ബുധനാഴ്ച്ച രാവിലെ മാനന്തവാടി മൃഗാശുപത്രിയിലെത്തിയ പുതിയ ആര്‍.ആര്‍.ടി അംഗങ്ങള്‍ക്ക് ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. കെ. ജയരാജ്, ഡോ. ദയാല്‍ എസ്, ഡോ. കെ. ജവഹര്‍ എന്നിവര്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഫാമില്‍ അനുവര്‍ത്തിച്ച ദയാവധ രീതികള്‍ വിശദീകരിച്ചു. ഓരോ ഫാമുകളിലെയും സാഹചര്യമനുസരിച്ച് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും യോഗത്തില്‍ വിശദമാക്കി. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ ദയാവധ നടപടികള്‍ ആദ്യത്തെ ഫാമില്‍ വൈകിട്ട് 3.30 ന് പൂര്‍ത്തിയായി. പന്നി ഫാം പ്രവര്‍ത്തിക്കുന്നത് ഏഴ് സെന്റ് സ്ഥലത്തു മാത്രമായതിനാല്‍ സംസ്‌കരിക്കുന്നതിനുള്ള കുഴി തയ്യാറാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫാമിനോട് ചേര്‍ന്നു തന്നെ 30 മീറ്റര്‍ അകലത്തില്‍ കര്‍ഷകന്റെ ബന്ധുവിന്റെ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് 11 അടി താഴ്ച്ചയിലും 12അടി വീതിയിലും12 അടി നീളത്തിലും കുഴിയെടുത്ത് ശാസ്ത്രീയമായി ജഡങ്ങള്‍ മറവു ചെയ്യുകയായിരുന്നു.
രണ്ടാമത്തെ ഫാമില്‍ വൈകീട്ട് ആറു മണിയോടെയാണ് നടപടികള്‍ തുടങ്ങിയത്. 31 ഓളം പന്നികളെ ഇവിടെ ദയാവധത്തിന് വിധേയമാക്കി. തുടര്‍ന്ന് കുഴിനിലത്തുള്ള ഫാമിലെ പന്നികളെ രാത്രി വൈകിയോടെ ദയാവധം ചെയ്തു. 80 ഓളം പന്നികളെയാണ് ദൗത്യ സംഘം ഉന്മൂലനം ചെയ്തത്. മേഖലയിലെ സര്‍വൈലന്‍സ് നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭയില്‍ എടവക വെറ്റിനറി സര്‍ജന്‍ ഡോ. സീലിയ ലോയ്സന്റെ നേതൃത്വത്തിലും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടിമൂല വെറ്റിനറി സര്‍ജന്‍ ഡോ. ഫൈസല്‍ യൂസഫിന്റെ നേതൃത്വത്തിലും നാല് അംഗങ്ങള്‍ വീതമുള്ള സര്‍വൈലന്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300-ഓളം പന്നികളെ തിങ്കളാഴ്ച ദയാവധം ചെയ്തിരുന്നു. ഈ ഫാമില്‍ ആകെ 360 പന്നികളാണ് ഉണ്ടായിരുന്നത്. ബുധനാഴ്ചയോടെ 400 ലധികം പന്നികളെ രോഗപകര്‍ച്ച തടയുന്നതിന്റെ ഭാഗമായി കൊന്നൊടുക്കിയിരുന്നു. അതേ സമയം പന്നികളെ കൊന്നൊടുക്കിയ സാഹചര്യത്തില്‍ മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ അനുവദിക്കണമെന്ന നിലപാടിലാണ് ഫാം നടത്തിപ്പുകാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam