
അരീക്കോട്: 400ലേറെ വളണ്ടിയർമാർ ഒന്നിച്ച് തിരഞ്ഞിട്ടും കാണാതായ സൗഹാനെ കണ്ടെത്താനായില്ല. ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ നിന്ന് കാണാതായ 15 കാരൻ മുഹമ്മദ് സൗഹാനെ കണ്ടെത്താനാണ് ഞായറാഴ്ച ചെക്കുന്ന് മലയിൽ തിരച്ചിൽ നടത്തിയത്. അരീക്കോട് പൊലിസ് ഇൻസ്‌പെക്ടർ ലൈജു മോന്റെ നേതൃത്വത്തിലാണ് 400 ലേറെ വിവിധ സന്നദ്ധ വളണ്ടിയർ ചെക്കുന്ന് മലയുടെ താഴ് വാരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മാനസിക വെല്ലുവിളി നേരിടുന്ന സൗഹാനെ കണ്ടെത്തിയില്ല.
കാണാതായി 21 ദിവസം പിന്നിട്ടിട്ടും വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലയിലെ വിവിധ സന്നദ്ധ വളണ്ടിയർമാരുടെ സേവനം ഉപയാഗിച്ച് അവസാനഘട്ട തെരച്ചിൽ നടത്തിയത്. ജില്ലയിലെ എട്ട് ഫയർഫോഴ്സ്സ് സ്റ്റേഷന് കീഴിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ, ട്രോമാ കെയർ, മറ്റു സന്നദ്ധ-രാഷ്ട്രീയ പ്രവർത്തകരുടെ വളണ്ടിയർമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലം ലഭിച്ചില്ല.
ഓരോ ടീമിലും 15 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇവർക്ക് പ്രത്യേക നിർദേശവും പൊലീസ് നൽകിയിരുന്നു. കൂട്ടമായി രണ്ട് തവണ തിരച്ചിൽ നടത്തിയെങ്കിലും തുമ്പ് കണ്ടെത്താനായില്ല. ഇതോടെ പോലീസ് ബദൽ മാർഗം തേടുകയാണ്. കുട്ടി വിദൂരങ്ങളിലേക്ക് സമ്മതം കൂടാതെ പോവില്ലന്ന് രക്ഷിതാക്കൾ അവകാശപ്പെടുന്നുണ്ട്.
കുട്ടിയെ മറ്റാരോ തട്ടി കൊണ്ട് പോയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു അനുമാനം. അന്നും ചെക്കുന്ന് മല അരിച്ചുപൊറുക്കിയിരുന്നു. എന്നിട്ടും നിരാശയായിരുന്നു ഫലം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam