
തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന മല്ലിക ഒടുവിൽ പൊലീസ് പിടിയിൽ. മല്ലിക എന്ന് വിളിക്കുന്ന വനജകുമാരിയെ പാറശാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല നെയ്യാറ്റിൻകര വെള്ളറട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണങ്ങൾ മല്ലിക നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 16 ന് രാവിലെ 10 മണിക്ക് മല്ലിക നെടിയാംകോട് പച്ചക്കറി കടയിൽ മോഷണം നടത്തിയിരുന്നു.
ഇതിന് ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയിൽ നിന്ന് മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്സും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയിൽ നിന്ന് 35,000 രൂപ, രണ്ടു പവന്‍റെ സ്വർണമാല എന്നിവ മോഷ്ടിച്ചതിന് നിലവിൽ പാറശ്ശാല പൊലീസിൽ വനജ കുമാരിക്കെതിരെ കേസുണ്ട്. ഈ അടുത്ത കാലയളവിൽ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് എഴുപതിനായിരം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷ്ടാക്കള്‍ കവർന്നു. കിഴക്ക് തേപറമ്പിൽ അഷറഫിന്‍റെ വീട്ടിലാണ് മോഷണമുണ്ടായത്. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസിക്കുന്നത് കഴിഞ്ഞ 20 ന് വീട്ടിലെത്തി മടങ്ങിയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ അലമാരകളെല്ലാം തുറന്ന നിലയിലാണ്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും മോഷ്ടിച്ചു. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam