
കൊല്ലം: രാത്രി ജോലികഴിഞ്ഞ് മടങ്ങിയ അമ്മയേയും മകളേയും ആക്രമിച്ച സ്ഥിരം കുറ്റവാളികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ് അനീഷിന്‍റെ സുഹൃത്ത് വിഷ്ണു എന്നിവരാണ് ചിതറ പോലീസിന്‍റെ പിടിയിലായത്. വിഷ്ണു ചിതറ, കടക്കൽ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽകേസുകളിലും അനീഷ് രണ്ടു കേസുകളിലും പ്രതിയാണ്. കഴിഞ്ഞദിവസം രാത്രിയിലാണ് ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദ്ദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്. മദ്യലഹരിയിലെത്തിയായിരുന്നു പ്രതികളുടെ പരാക്രമം. അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും മൊഴിയിൽ പറയുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിഎത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു. നാട്ടുകാർ ചിതറ പോലീസിൽ വിവരമറിയിച്ചതോടെ ചിതറ പോലീസെത്തി അന്വേഷണം നടത്തി തുടർന്ന് അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടി. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു. അറെസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam