
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് നടന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ച പദ്ധതിയുടെ ഫ്ലാഗ് ഓഫ് ആശുപത്രി സൂപ്രണ്ട് ഡോ ദിവ്യ സദാശിവൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി വി അരുൺ എന്നിവർ ചേർന്ന് നിർവഹിച്ചു. പുല്ലുവിള സ്വദേശിനി രാജിയും കുഞ്ഞുമാണ് പദ്ധതിയുടെ ഭാഗമായി പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള ആദ്യ സൗജന്യയാത്ര നടത്തിയത്.
ജില്ലയിൽ ആദ്യമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ടാക്സി വാഹനങ്ങളാണ് ആശുപത്രിക്ക് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശിയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ജെ എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'മാതൃയാനം' പദ്ധതിയുടെ പ്രവർത്തനം. ദേശിയ ആരോഗ്യ ദൗത്യത്തിന് വേണ്ടി ഒറൈസിസ് ഇന്ത്യ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് ആപ്ലികേഷൻ വഴിയാണ് പദ്ധതിയുടെ പ്രവർത്തനം. യൂബർ മാതൃകയിൽ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്ന ടാക്സി ഡ്രൈവർമാർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ അമ്മയ്ക്കും കുഞ്ഞിനും വീട്ടിലേക്ക് മടങ്ങാന്‍ സൗജന്യമായി ടാക്സി ലഭ്യമാകും.
മാതൃയാനം മൊബൈൽ ആപ്ലിക്കേഷനിൽ ആശുപത്രി പി ആര്‍ ഒ സേവനം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും സ്ഥലം അടയാളപ്പെടുത്തുകയും ചെയ്യും. ഡ്രൈവർമാർക്ക് അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മാതൃയാനം ആപ്ലിക്കേഷനിൽ രോഗിയുടെ പേര്, പോകേണ്ട സ്ഥലം, തുക എന്നിവ അറിയിപ്പായി ലഭിക്കും. ട്രിപ്പ് കഴിഞ്ഞെത്തി വൗച്ചർ ആശുപത്രിയിൽ സമർപ്പിക്കുന്ന മുറയ്ക്ക് 7 പ്രവർത്തി ദിവസത്തിനുള്ളിൽ പൈസ വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിലെത്തും.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് അടുത്തതായി പദ്ധതി നടപ്പാക്കുന്നത്. മുൻപ് സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമ്പോൾ യാത്രാ ചെലവായി 500 രൂപ നൽകിയിരുന്നു. എന്നാൽ ഇത് ദീർഘദൂര യാത്രയ്ക്ക് മതിയാവില്ല. അതിനാലാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ പദ്ധതി. പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളെ ആശ്രയിച്ച് പ്രസവത്തിനായി ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായകമാവുക എന്നതാണ് ലക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam