
തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും രണ്ട് വയസുകാരനെ രക്ഷിച്ചത് അമ്മ ഗ്രീഷ്മയുടെ സമയോചിതമായ ഇടപെടലായിരുന്നു. സംഭവത്തിന്‍റെ നടുക്കം ഇനിയും വിട്ടു വിട്ടുമാറിയിട്ടില്ല. ഗെയിറ്റിന് നല്ല ഭാരമുണ്ടായിരുന്നുവെന്നും പെട്ടന്ന് താങ്ങിയപ്പോൾ തോളിന് ഉളുക്കും വീണുവെന്നും എന്നാലും കുഞ്ഞിന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന സമാധാനത്തിലായിരുന്നുവെന്നും ഗ്രീഷ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പള്ളിയിൽ പോയ വന്നശേഷമാണ് സംഭവം ഉണ്ടായതെന്ന് ഗ്രീഷ്മ പറഞ്ഞു. ഞാനും അമ്മച്ചിയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. അമ്മച്ചി വീട്ടിനുള്ളിലേക്ക് കയറിപോയിരുന്നു. ഭര്‍ത്താവ് വരുന്നുണ്ടെന്ന് പറഞ്ഞതിനാൽ വാഹനം കയറ്റുന്നതിനായി ഗേറ്റ് തുറന്നുവെക്കുകയായിരുന്നു. ഗേറ്റ് തുറന്ന് ഉടനെയാണ് താഴേക്ക് മറിഞ്ഞത്. ഉടൻ തന്നെ താങ്ങി പിടിക്കുകയായിരുന്നു. അമ്മച്ചിയെ ഉച്ചത്തിൽ വിളിച്ചെങ്കിലും വാഷ്റൂമിൽ പോയതിനാലാണ് പെട്ടെന്ന് വരാൻ പറ്റാതിരുന്നത്.
ഉടനെ തന്നെ ഭര്‍ത്താവ് വന്നിരുന്നു. ഇതിനുശേഷം ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഗേറ്റ് താഴേക്ക് ഇറക്കി വെക്കുകയായിരുന്നു. വല്ലാതെ പോടിച്ചുപോയിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാനായതിന്‍റെ ആശ്വാസമായിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വലിയ അപകടമാണ് ഒഴിവായതെന്ന് മനസിലായതെന്നും ഗ്രീഷ്മ പറഞ്ഞു.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മാര്‍ത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് അപകടമുണ്ടായത്. ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെന്‍സ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞുവീണത്. സ്ലൈഡിങ് ഗേറ്റാണ് മറിഞ്ഞത്. ഗേറ്റ് ചെരിഞ്ഞ് വീഴാൻ തുടങ്ങിയ ഉടനെ ഗ്രീഷ്മ പെട്ടെന്ന് തന്നെ ഗേറ്റ് താങ്ങിപിടിക്കുകയായിരുന്നു. ഗേറ്റിന് തൊട്ടുസമീപത്തായിരുന്നു കുഞ്ഞ് നിന്നിരുന്നത്. ഗേറ്റ് താഴേക്ക് വീഴാതെ പിടിച്ചു നിര്‍ത്താനായതിനാലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam