പഞ്ചായത്തിൽ 'അർഹതപ്പെട്ട ജോലി'യിൽ ബന്ധുനിയമനം? ബാല്യം മാറാത്ത 5 കുട്ടികളുമായി പാതിരാത്രിയും ശാന്തിയുടെ സമരം

By Web TeamFirst Published Apr 22, 2022, 12:01 AM IST
Highlights

പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. ബാല്യം വിടാത്ത അഞ്ചു കുട്ടികൾക്കും ഭര്‍ത്താവിനും ഒപ്പമാണ് മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ശാന്തിയെന്ന വീട്ടമ്മ സമരം നടത്തുന്നത്.

മൂന്നാര്‍: ബന്ധുനിയമനത്തില്‍ പ്രതിഷേധിച്ച് ബാല്യം കൈവിടാത്ത കുട്ടികളുമായി മൂന്നാര്‍ ടൗണില്‍  പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. തനിക്ക് അര്‍ഹതപ്പെട്ട ജോലി വാര്‍ഡ് മെമ്പറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച് മൂന്നാര്‍ ടൗണിലെ റോഡരികില്‍ പാതിരാത്രിയിലും വീട്ടമ്മയുടെ സമരം തുടരുന്നു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശാന്തിയും കുടുംബവുമാണ് സമരം നടത്തുന്നത്. ബാല്യം വിടാത്ത അഞ്ചു കുട്ടികൾക്കും ഭര്‍ത്താവിനും ഒപ്പമാണ് മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ ശാന്തിയെന്ന വീട്ടമ്മ സമരം നടത്തുന്നത്.

പള്ളിവാസല്‍ പഞ്ചായത്തിനു കീഴില്‍ 13 ാം വാര്‍ഡിലെ 45 ാം നമ്പരായ അംഗനവാടിയില്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാരി അവധിയെടുത്തപ്പോള്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ 2016 ല്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയില്‍ നിന്ന് മാറിയെങ്കിലും അംഗനവാടിയില്‍ പുതിയ ഒഴിവു വരുമ്പോള്‍ ജോലി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നു. 2022 ല്‍ പുതിയ ഒഴിവു വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടയ്്ക്ക് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന് ഈ ജോലി നല്‍കുകയും ചെയ്തു.

ഇതോടെ ഉദ്യോഗസ്ഥരെ കണ്ട് തനിക്ക് തന്ന ഉറപ്പ് ലംഘിച്ചതിനെതിരെ പ്രതിഷേധമുയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് മാര്‍ച്ച് 7 ന് ശാന്തി കുടുംബസമേതം ആര്‍ ഡി ഒ ഓഫീസിനു മുമ്പില്‍ സമരം നടത്തിയിരുന്നു. ഇതിനുശേഷവും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു മൂന്നാര്‍ ടൗണില്‍ സമരം നടത്തുവാന്‍ തീരുമാനിച്ചത്.

click me!