
തൊടുപുഴ: റോഡപകടങ്ങളൊഴിവാക്കാനായി ബസ് ഡ്രൈവർമാർക്ക് സൗജന്യ കാഴ്ച പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായാണ് തൊടുപുഴ ബസ്സ് സ്റ്റാന്‍റിൽ മോട്ടോർ വാഹന വകുപ്പ് സൗജന്യ കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
അമിത വേഗത്തിനും അശ്രദ്ധയ്ക്കുമൊപ്പം കാഴ്ചാ പ്രശ്നവും അപകടങ്ങൾക്കു കാരണമാകുന്നുവെന്ന കണ്ടെത്തലാണ് ബസ് ഡ്രൈവർമാർക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
സ്വകാര്യ കണ്ണാശുപത്രിയിലെ വിദഗ്ധരാണ് ഡ്രൈവർമാരുടെ കാഴ്ച ശക്തി പരിശോധിച്ചത്. പരിശോധനക്ക് വിധേയരായ നൂറിലധികം ഡൈവർമാരിൽ 32 പേർക്ക് കാഴ്ചയ്ക്ക് പ്രശ്നമുളളതായി കണ്ടെത്തി. ഇവർക്ക് ചികിത്സക്കാവശ്യമായ നിർദേശങ്ങളും നൽകിയതോടെ ക്യാമ്പ് ലക്ഷ്യം കണ്ടെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
മാസത്തിൽ 26 ദിവസവും ജോലി ചെയ്യുന്ന ബസ് ഡ്രൈവർമാർക്കായി നേത്ര പരിശോധന ക്യാമ്പ് ഒരുക്കിയ നടപടിയെ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സന്തോഷത്തോടെ സ്വാഗതം ചെയ്തു.
ഈ മാസം നാലു മുതൽ പത്തുവരെയുളള റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ നിരവധി പരിപാടികളാണ് മോട്ടോർ വാഹന വകുപ്പ് രാജ്യമെങ്ങും സംഘടിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam