മോട്ടോർ വാഹന വകുപ്പ് രണ്ടുംകല്‍പ്പിച്ച്; മലപ്പുറം ജില്ലയില്‍ പിഴയിട്ടത് രണ്ടേമുക്കാല്‍ ലക്ഷം

By Web TeamFirst Published Dec 1, 2019, 6:10 PM IST
Highlights

സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തുന്ന പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇന്ന് മാത്രം പിഴയിട്ടത് 2,77,200 രൂപ. 379 കേസുകളിലായിട്ടാണ് ഇത്രയും തുക പിഴയിട്ടത്

മലപ്പുറം: സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം സംസ്ഥാനവ്യാപകമായി ഒരേസമയത്ത് നടത്തുന്ന പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇന്ന് മാത്രം പിഴയിട്ടത് 2,77,200 രൂപ. 379 കേസുകളിലായിട്ടാണ് ഇത്രയും തുക പിഴയിട്ടത്.

രാവിലെ എട്ട് മുതൽ വൈകുന്നേരം വരെ നീണ്ട പരിശോധനയിൽ  ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും വിവിധ സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, മഞ്ചേരി, തുടങ്ങിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ ബസുകളിൽ ടിക്കറ്റ് നൽകാത്തത് ഉൾപ്പെടെ വ്യാപകമായി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഹെൽമെറ്റ് ധരിക്കാത്ത 106, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ച 10, സീറ്റ് ബെൽറ്റ് ധരിക്കാത്തവ 41, അപകടകരമായ രീതിയിൽ വാഹനമോടിച്ച 13, ടിക്കറ്റ് നൽകാത്ത 28 ബസ്സുകൾക്കെതിരെയും ഇൻഷുറൻസ് ഇല്ലാത്ത 18 വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിച്ച 27 വാഹനങ്ങൾ, വാഹനങ്ങളുടെ രൂപഘടനയിൽ മാറ്റം വരുത്തിയ 10, ടാക്‌സ് അടക്കാത്ത 11 വാഹനങ്ങൾ, തീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ബൾബുകൾ ഉപയോഗിച്ച് നാലെണ്ണം തുടങ്ങിയവ കണ്ടെത്തി.

click me!