കൊവിഡിന് മുന്നില്‍ തോറ്റു; പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത മുബാറക്ക് അന്തരിച്ചു

By Web TeamFirst Published Dec 26, 2020, 8:30 PM IST
Highlights

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്.
 

മലപ്പുറം: കൊവിഡിന് മുന്നില്‍ തളരാതെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് (61) അന്തരിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലായിരുന്നു ജനപ്രധിനിതികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റത്.

കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചക്ക് 12 മണിയോടെ മരിച്ചു. വെകുന്നേരം അഞ്ച് മണിക്ക് വാണിയമ്പലത്തെ സ്വവസതിയില്‍ എത്തിച്ച മൃതദേഹം കൊവിഡ് മാനദണ്ഡപ്രകാരം ഖബറടക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ മുടപ്പിലാശേരിയില്‍ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയിച്ചത്. 
 

click me!