മുഹമ്മ സിഎംഎസ് എൽപി സ്കൂളിന് സംസ്ഥാന കാര്‍ഷിക പുരസ്കാരം

By Web TeamFirst Published Nov 29, 2019, 3:42 PM IST
Highlights
  • മുഹമ്മ സിഎംഎസ് എൽപി സ്കൂളിന് സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്കാരം.
  • ഇവിടെ ഒരുക്കിയ കുട്ടി തോട്ടത്തിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

മുഹമ്മ:  മുഹമ്മ സിഎംഎസ് എൽപി സ്കൂളിന് സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്കാരം. ഇവിടെ ഒരുക്കിയ കുട്ടി തോട്ടത്തിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. സ്കൂളിനോടു ചേർന്നുള്ള 40 സെന്റിലാണ് കൃഷി.

വർഷങ്ങളായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് വിപുലമാക്കിയത്. പയർ, പാവൽ, വെണ്ട, ചീര, വഴുതന, പടവലം, പച്ചമുളക്, കാബേജ്, കോളിഫ്ലവർ എന്നിങ്ങനെ വൈവിധ്യമാർന്ന കൃഷിതോട്ടമാണ് ഒരുക്കിയത്. ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. കഞ്ഞിക്കുഴിയിലെ കർഷകരും സ്കൂളിലെ രക്ഷകർത്താക്കളുമായ കെ പി ശുഭ കേശൻ, സെബാസ്റ്റ്യൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും അനധ്യാപകരും ചേർന്നാണ് കൃഷി പണികൾ ചെയ്യുന്നത്.

വിളവെടുക്കുന്ന പച്ചക്കറികളുടെ ഒരു പങ്ക് സ്‌കൂളിലെ ഉച്ചയൂണിന് എടുത്തിരുന്നു. മിച്ചം വരുന്നവ വിൽപന നടത്തും. പച്ചക്കറി തോട്ടത്തിനോടു ചേർന്ന് കിളികൾക്ക് കുളിക്കുന്നതിനായി ചട്ടികളിൽ 'കിളി കുളികുളം' ഒരുക്കിയിരുന്നു. സിനിമ താരം അനൂപ് ചന്ദ്രനാണ് കഴിഞ്ഞ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഇത്തവണയും വിപുലമായ തരത്തിൽ കൃഷി ആരംഭിച്ചു. നെല്ലും ശീതകാല പച്ചക്കറികളും അധികമായി കൃഷി ചെയ്യുന്നു. പല  വർഷങ്ങളിലായി കാർഷിക മേന്മയ്ക്ക് 15 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മഹായിടവകയുടെ ഹരിത വിദ്യാലയം പുരസ്കാരം, അക്ഷയ ശ്രീ അവാർഡ് എന്നിവ ഇതിൽ ചിലതു മാത്രം. സംസ്ഥാന അവാർഡ് ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്. 'നമ്മുക്ക് മണ്ണിനെ സ്നേഹിക്കാം, പ്രകൃതിയെ സംരക്ഷിക്കാം' എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകാനാണ് പച്ചക്കറി കൃഷി ചെയ്യുന്നതെന്ന് പ്രധാനാധ്യാപിക ജോളി തോമസും പിടിഎ പ്രസിഡന്റ് കെ പി സുധീറും പറഞ്ഞു.

click me!