Latest Videos

'നന്മയുടെ മറുവാക്ക്, ജീവിക്കുന്ന ചരിത്രവും അത്ഭുതവും'; രൈരു ഡോക്ടറെ വിളിച്ച് സ്‌നേഹം പങ്കുവച്ചെന്ന് മന്ത്രി

By Web TeamFirst Published May 10, 2024, 7:09 PM IST
Highlights

'പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികള്‍. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ.'

തിരുവനന്തപുരം: ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാല്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജീവിതം കൊണ്ട് സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടു രൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോക്ടറുടെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രൈരു ഡോക്ടറെ നേരില്‍ വിളിച്ച് സ്‌നേഹം പങ്കുവച്ചെന്നും മന്ത്രി അറിയിച്ചു. 

മുഹമ്മദ് റിയാസിന്റെ കുറിപ്പ്: 'നന്‍മയുടെ മറുവാക്കാണ് ഡോ. രൈരു ഗോപാല്‍. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പരിശോധന. ദിവസേന വീട്ടിലേക്കെത്തിയിരുന്നത് നൂറുകണക്കിന് രോഗികള്‍. ആകെ വാങ്ങാറുള്ള ഫീസ് വെറും 2 രൂപ. ആതുരസേവന മേഖലയിലെ ജീവിക്കുന്ന ചരിത്രവും അത്ഭുതവുമാണ് ഡോ. രൈരു ഗോപാല്‍.'

'അമ്പത് വര്‍ഷത്തോളമായി അദ്ദേഹം കണ്ണൂരുകാരുടെ പ്രിയപ്പെട്ട രണ്ടു രൂപ ഡോക്ടറായി ജീവിക്കുന്നു. തന്റെ ജീവിതം കൊണ്ട് ഈ സമൂഹത്തിന് അദ്ദേഹം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തനിക്ക് ആകുന്നത്ര കാലം അദ്ദേഹം മനുഷ്യനു വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ചു. ആരോഗ്യം അനുവദിക്കില്ലാത്തതിനാല്‍ ഇനി രണ്ടു രൂപാ ഡോക്ടറായി തുടരാനാകില്ലെന്ന ഡോ. രൈരുവിന്റെ വാക്കുകള്‍, അദ്ദേഹം ആശ്വാസം പകര്‍ന്ന എത്രയോ മനുഷ്യരുടെ നൊമ്പരമായി മാറിയിട്ടുണ്ടാകും. എങ്കിലും കഴിയുന്നത്ര കാലം അദ്ദേഹം അതു തുടര്‍ന്നുവെന്നതു തന്നെ എന്തൊരാശ്വാസകരമായ വാര്‍ത്തയാണ്. ആരോഗ്യം വീണ്ടെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും അനേകരുടെ ആശ്രയമാകാന്‍ ഇനിയും കരുത്തുണ്ടാകട്ടെയെന്നും ആഗ്രഹിക്കുന്നു. രൈരു ഡോക്ടറെ ഇന്ന് നേരില്‍ വിളിച്ച് സ്‌നേഹം പങ്കുവച്ചു.'


കഴിഞ്ഞദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളാല്‍ രോഗികളെ പരിശോധിക്കുന്നത് അവസാനിപ്പിക്കുന്നതായി ഡോക്ടര്‍ രൈരു അറിയിച്ചത്. ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണെന്നാണ് രൈരു ഗോപാല്‍ അറിയിച്ചത്.

'അബദ്ധജടിലമായ വാദങ്ങള്‍'; ആർ ശ്രീലേഖയുടെ പരാമര്‍ശങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി 
 

click me!