
ഇടുക്കി: മൂന്നാറില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍. മൂന്നാര്‍ പഞ്ചായത്ത് ഹരിത കേരളം വകുപ്പുകള്‍ സഹകരിച്ചാവും പദ്ധതി തയ്യറാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 30 മൂന്നാറിന്റെ കവാടത്തില്‍ ആദ്യ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കും.
സര്‍ക്കാരിന്‍റെ ഉത്തരരവുപ്രകാരം മൂന്നാറില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ആദ്യഘട്ടമായി 25 മുതല്‍ ഉച്ചഭാഷണി മുഖാന്തരം അറിയിപ്പുകള്‍ നല്‍കും. തുടര്‍ന്ന് രണ്ടാംഘട്ടമായി മൂന്നാറിന്‍റെ വിവിധ ഭാഗങ്ങളിലായി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.
ജനുവരി ഒന്നുമുതല്‍ അര ലിറ്ററിലുള്ള വെള്ള കുപ്പികള്‍ മാത്രമായിരിക്കും അനുവധിക്കുക. കുടുതല്‍ കൈവശം വയ്ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും പകരമായി ഫ്‌ളാസ്‌കുകള്‍ നല്‍കുകയും ചെയ്യും. മൂന്നാര്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി മൂന്നാറിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കിംങ്ങ് സംവിധാനം ഏര്‍പ്പെടുത്തും.
മൂന്നാര്‍ ടൗണിലെ ഡംബിംഗ് യാര്‍ഡില്‍ ഡിസംബര്‍ 24 മുതല്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിക്കും. പകരമായി മൂന്നാര്‍ പഞ്ചായത്തിന്റെ വാഹനം ദിവസം മൂന്നുനേരം കടകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കും. മണി മുഴക്കിയെത്തുന്ന പഞ്ചായത്ത് വാഹനത്തില്‍ കച്ചവടക്കാര്‍ നേരിട്ട് മാലിന്യങ്ങള്‍ എത്തിക്കണം.
വിനോദസഞ്ചാര മേഖലകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം തടയുന്നതിന് ഭിത്തികളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കും. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലങ്ങളും ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കും.
വിവിധ സംഘടനകള്‍ വ്യാപാരികള്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലാവരും സബ് കളക്ടറുടെ ആവശ്യം അംഗീകരിച്ചു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. കറുപ്പസ്വാമി, സെക്രട്ടറി അജിത്ത് കുമാര്‍, മൂന്നാര്‍ ഡിവൈഎസ്‍പി രമേഷ് കുമാര്‍, ഹരിത കേരളം ശശി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam