മഞ്ഞിന്‍റെ പുതപ്പണിഞ്ഞ് മൂന്നാര്‍ വിളിക്കുന്നു; സഞ്ചാരികളെ ഇതിലേ..!

By Jansen MalikapuramFirst Published Jan 11, 2020, 2:55 PM IST
Highlights

ഇളം വെയിലില്‍ താടകങ്ങളും സൂര്യ കിരണങ്ങളേറ്റ് മഞ്ഞിന്‍കണങ്ങള്‍ വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്

ഇടുക്കി: അധിശൈത്യത്തില്‍ തെക്കിന്റെ കാശ്മീര്‍ മൈനസ് ഡിഗ്രിയിലേയ്ക്ക്. മഞ്ഞുപുതച്ച് തണുത്തുറഞ്ഞ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. ഒരാഴ്ച്ചയ്ക്കുള്ളില്‍ മൂന്നാറിലെ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ലോക ടൂറിസം മാപ്പില്‍ ഇടം നേടിയ തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്.

എന്നാല്‍, ഇത്തവണ അതിശൈത്യമെത്താന്‍ അല്‍പം വൈകിയെങ്കിലും നിലവില്‍ മഞ്ഞുവീഴ്ചയും മൈനസ് ഡിഗ്രിയോട് അടുത്ത തണുപ്പും രേഖപ്പെടുത്തിയോടെ സഞ്ചാരികളും ഇവിടേക്ക് എത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേയ്ക്ക് എത്തുന്നത്.

അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇളം വെയിലില്‍ താടകങ്ങളും സൂര്യ കിരണങ്ങളേറ്റ് മഞ്ഞിന്‍കണങ്ങള്‍ വെട്ടി തിളങ്ങുന്ന മൊട്ടക്കുന്നുകളും അതിശൈത്യത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. അതുകൊണ്ട് തന്നെ നിരവധി സഞ്ചാരികളാണ് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങുന്നത്. 

മൂന്നാര്‍ സെവന്‍മല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സെവന്‍മല, നല്ലതണ്ണി എന്നിവടങ്ങളില്‍ മൈനസ് ഡിഗ്രിയോട് അടത്തെത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മൂന്നാര്‍ മൈനസില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മഞ്ഞും തണുപ്പും എത്തുന്നതോടെ സഞ്ചാരികള്‍ അധികമായിട്ടെത്തുമെന്ന പ്രതീക്ഷയിലുമാണ് വിനോദ സഞ്ചാര മേഖല. 

click me!