
ഇടുക്കി: അപകടം സ്യഷ്ടിക്കുന്ന മൂന്നാര്‍ ഗവ. കോളേജ് പൊളിക്കുന്നതോടെ തകര്‍ന്നടിയുന്നത് മൂന്നാറിലെ ആയിരക്കണക്കിന് തോട്ടംതൊഴിലാളി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ്. 2018 ലുണ്ടായ ശക്തമായ മഴയിലാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ബോട്ടാണിക്കൽ ഗാര്‍ഡന് സമീപത്തെ സര്‍ക്കാര്‍ കോളേജിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജിന്റെ മറ്റ് കെട്ടിടങ്ങള്‍ കാലവര്‍ഷത്തില്‍ വീണ്ടും തകര്‍ന്നു. ഇതോടെയാണ് അപകടം സ്യഷ്ടിക്കുന്ന കോളേജിന്റെ അവശേഷിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയത്.
രണ്ടാഴ്ച പെയ്ത കനത്തമഴയില്‍ കോളേജിന്റെ ഒരുഭാഗം ഇടിഞ്ഞതോടെ ദേവികുളത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. അറുദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ചൊവ്വാഴ്ച ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കോളേജ് കെട്ടിടങ്ങള്‍ വീണ്ടും ഇടിഞ്ഞുവരാന്‍ സാധ്യതയുള്ളതിനാലാണ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതമായത്. മൂന്നാറിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് തമിഴ്‌നാടിനെ ആശ്രയിച്ചിരുന്ന കാലത്താണ് എ കെ മണി എം എല്‍ എയായിരുന്ന സമയത്ത് ഗവ. കോളേജെന്ന സ്വപ്‌നം യാഥാര്‍ത്യമാക്കിയത്.
ആദ്യഘട്ടത്തില്‍ ഒരു കെട്ടിടം നിര്‍മ്മിച്ച് പഠനം ആരംഭിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യറാക്കിയെങ്കിലും ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിയോജ്യമല്ലെന്ന് ജിയോളജിക്കല്‍ വകുപ്പ് കണ്ടെത്തി. എന്നാല്‍ അധ്യാപകര്‍ ഉന്നതബന്ധം ഉപയോഗപ്പെടുത്തി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് അഞ്ചിലധികം കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്.
2018 ൽ പ്രളയ മുന്നറിയിപ്പ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന സമയങ്ങളില്‍ പോലും അധിക്യതര്‍ മലകള്‍ ഇടിച്ചുനിരത്തി യന്ത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കോടികള്‍ മുടക്കി നിര്‍മ്മിച്ച ഇത്തരം കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കെട്ടിടം ഇല്ലാതെവന്നതോടെ കുട്ടികള്‍ പലരും താല്കാലികമായി അനുവധിച്ച മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജ് കെട്ടിടത്തിലെ മുറികളിലാണ് പഠിക്കുന്നത്. മൂന്നാറിനായി അനുവധിച്ച കോളേജ് കെട്ടിടം ഇല്ലാതാകുന്നതോടെ സ്വന്തമായി മറ്റൊരു കെട്ടിടത്തിനായുള്ള മുറിവിളിയിലാണ് വിദ്യാര്‍ത്ഥികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam