
മൂന്നാർ: മൂന്നാർ ഗവ. കോളേജിനുള്ളിൽ വിദ്യാർഥികൾ ഗുണ്ട് പടക്കം പൊട്ടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചക്കാണ് എം ജി കോളനിക്ക് സമീപമുള്ള താല്ക്കാലിക കോളേജ് കെട്ടിടത്തിനുള്ളിൽ വിദ്യാർഥികൾ വലിയ ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചത്.
ഉച്ചയോടെ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നു. അപ്രതീക്ഷിതമായ വലിയ ശബ്ദം കേട്ട് ക്ലാസുകളിലുണ്ടായിരുന്ന വിദ്യാർഥികളും അധ്യാപകരും പേടിച്ച് ബഹളം വയ്ക്കുകയായിരുന്നു. കോളേജ് പ്രിൻസിപ്പലടക്കമുള്ളവർ ഓടിയെത്തിയപ്പോഴേയ്ക്കും ഗുണ്ടു പൊട്ടിച്ചവർ ഓടി രക്ഷപ്പെട്ടു. പ്രിൻസിപ്പൽ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാർ എസ്ഐ കെ ഡി മണിയൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോളേജിലെത്തി.
അന്വേഷണം തുടങ്ങി. പ്രളയത്തിൽ കോളേജ് തകർന്നതിന് ശേഷംടൂറിസം വകുപ്പിൻ്റെ ബഡ്ജറ്റ് ഹോട്ടലിൽ താൽക്കാലികമായാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. താൽക്കാലിക സംവിധാനമായതിനാൽ കോളേജിൽ നിരീക്ഷണ ക്യാമറയില്ലായിരുന്നു. അതിനാൽ ഗുണ്ടു പൊട്ടിച്ചവരെ കണ്ടെത്താനായില്ല.
അതേസമയം, എടപ്പാള്‍ ടൗണില്‍ ഉഗ്രശക്തിയുള്ള പടക്കം പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ യുവാക്കളെ കണ്ടെത്താനായില്ല. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദ്ഗദരും സ്ഥലത്ത് പരിശോധന നടത്തി. ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ എടപ്പാള്‍ ടൗണ്ണിലെ, മേല്‍പ്പാലത്തിന്റെ താഴെ ട്രാഫിക് സര്‍ക്കിളില്‍ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബൈക്കില്‍ വന്ന രണ്ട് യുവാക്കള്‍ പടക്കം പോലുള്ള വസ്തു ട്രാഫിക് സര്‍ക്കിളില്‍ വെക്കുന്നതും തീ കത്തിച്ച് പൊന്നാനി ഭാഗത്തേക്ക് പോകുന്നതും നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വാഹനങ്ങള്‍ തലങ്ങും വിലങ്ങും പോകുന്നതിന് ഇടയിലായിരുന്നു ട്രാഫിക് സർക്കിളിൽ പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയെ തുടർന്ന് സമീപത്തെ കോണ്‍ക്രീറ്റിന്റെ ചെറിയ കഷണം അടര്‍ന്ന് പോയിട്ടുണ്ട്. ബൈക്കിലെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ മറ്റ് സിസിടിവികളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam