മൂന്നാറില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി കുട്ടി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

By Web TeamFirst Published Sep 12, 2019, 6:46 PM IST
Highlights

ഊഞ്ഞാലാടുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയതാണെന്ന് അയല്‍വാസികളും ബന്ധുക്കളും അറിയിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയം. അന്വേഷണം ഊര്‍ജ്ജിതമാക്കി മൂന്നാര്‍ പോലീസ്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മരണം കരുതിക്കൂട്ടിയുള്ളതാണെന്ന് സാധൂകരിക്കുന്ന വിധത്തിലുള്ളതാണെന്നാണ് പോലീസ് പറയുന്നത്.

മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേത്വത്തില്‍ മൂന്നാര്‍, രാജാക്കാട്, ഉടുമ്പഞ്ചോല സര്‍ക്കില്‍ ഇന്‍സ്‌പെക്ടറടങ്ങുന്ന 11 അംഗസംഘമാണ് മേഖലയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നത്. ഇന്നലെ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവുകള്‍ ശേഖരിച്ചു. നാട്ടുകാരായ നിരവധി പേരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെളിവുകളുടെ അഭാവമാണ് പോലീസിനെ കുഴയ്ക്കുന്നത്.  

ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയ്ക്കുള്ളിലെ കട്ടിലിലാണ് കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍ കുട്ടിയെ കണ്ടത്.  സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നു മുത്തശ്ശി അടുത്ത വീട്ടിലായിരുന്നു. കുട്ടിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മടങ്ങിയെത്തിയ മുത്തശ്ശി കട്ടില്‍ നിശബ്ദയായി കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്താന്‍  ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ സംഭവം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയതായി കണ്ടെത്തിയത്.

ഊഞ്ഞാലാടുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയതാണെന്ന് അയല്‍വാസികളും ബന്ധുക്കളും അറിയിച്ചെങ്കിലും മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന എന്ന സംശയത്തില്‍ പൊലീസ് എത്തിയത്. ജില്ലാ പോലീസ് മേധവി നേരിട്ട് ഗുണ്ടുമലയില്‍ എത്തുകയും സംശയം തോന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലും പോലീസ് ലഭിക്കാത്തത് കേസന്വേഷണത്തിന് തിരിച്ചടിയാവുകാണ്. മൂന്നാറില്‍ നിന്നും വിദൂരത്തിലുള്ള എസ്റ്റേറ്റായതിനാല്‍ പുറത്തുനിന്നും ആരും എത്തിയിരിക്കില്ലെന്നാണ് പോലീസ് പറയുന്നത്. കൗമാരക്കാരെ കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്. 

click me!