
ഇടുക്കി: മുതിരപ്പുഴയെ സംരക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്നാര്‍ പഞ്ചായത്ത്. 14 ക്യാമറകളാണ് മൂന്നാര്‍ ടൗണിലെ മുതിരപ്പുഴയക്ക് സമീപത്തായി അധിക്യതര്‍ സ്ഥാപിക്കുന്നത്. നല്ലതണ്ണി റോഡ് മുതല്‍ ആര്‍ഒ ജംഗ്ക്ഷന്‍വരെ വിവിധ ഭാഗങ്ങളായി സ്ഥാപിക്കുന്ന ക്യാമറകളുടെ പണികള്‍ രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി മധുസൂധനന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മൂന്നാറിലെ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും അറവുശാലകളില്‍ നിന്നും ചാക്കില്‍ക്കെട്ടി മാലിന്യങ്ങള്‍ മുതിരപ്പുഴയില്‍ നിക്ഷേപിക്കുന്നത് മാധ്യമങ്ങള്‍ വാര്‍ത്തിയാക്കിയതോടെയാണ് പഞ്ചായത്ത് പുഴയുടെ സംരക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യറാക്കിയത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി നല്ലതണ്ണി പാലം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗങ്ങള്‍, മൂന്നാര്‍ ടൗണിലെ ചര്‍ച്ചില്‍ പാലം, ടാക്സി സ്റ്റാന്റ് എന്നിവിടങ്ങളിലായിരിക്കും ആദ്യം ക്യാമറകള്‍ സ്ഥാപിക്കുക.
രണ്ടാം ഘട്ടമായി പഴയ മൂന്നാര്‍ ഭാഗങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. പുഴയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് ഓഫീസില്‍ പ്രത്യേക മുറികളില്‍ മോണിറ്റിംങ്ങ് സംവിധാനമുണ്ടാകും. ജീവനക്കാരുടെ നേത്യത്വത്തില്‍ കാമറകള്‍ നീരീക്ഷിച്ച് ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.
പുഴയിലേക്ക് കക്കൂസ് മാലിന്യങ്ങളടക്കം ഒഴുക്കി വിടുന്നത് കോളിഫോം ബാക്ടീരിയുടെ അളവ് വര്‍ദ്ധിക്കാന്‍ കാരണമായതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മൂന്നാറിലെ വിവിധ സംഘടനകളുടെ നേത്യത്വത്തില്‍ മുതിരപ്പുഴയെ സംരക്ഷിക്കാന്‍ ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ മൂതിരപ്പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഒരുപരധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധിക്യതര്‍ പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam