
മൂന്നാർ: മൂന്നാറിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ പൊലീസ് നടപടി. ഇടുക്കി അനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ മൂന്നാൽ പൊലീസ് കേസെടുത്തു. മൂന്നാൽ പഞ്ചായത്തിന്‍റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സഹിതം ആയിരുന്നു ഇടുക്കി അനിമൽ റെസ്ക്യൂ ടീം പരാതി നൽകിയത്.
മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 200 ലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചിട്ടു എന്നാണ് പരാതിയിലുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വിശദവിവരങ്ങൾ
ഇടുക്കി മൂന്നാറിൽ തെരുവുനായ്ക്കളെ ജീവനോടെ കുഴിച്ചുമൂടിയെന്ന പരാതിയിൽ പഞ്ചായത്തിനെതിരെ നടപടിയുമായി പൊലീസ്. പഞ്ചായത്ത് മാലിന്യശേഖരണത്തിനുപയോഗിക്കുന്ന വാഹനത്തിൽ തെരുവുനായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചിട്ടെന്ന് ഇടുക്കി അനിമൽ റെസ്ക്യു ടീം എന്ന സംഘടനയാണ് പൊലീസിൽ പരാതിപ്പെട്ടത്. നായ്ക്കളെ പിടികൂടുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ വാഹനമോടിച്ചിരുന്ന ഡ്രൈവർക്കെതിരെയാണ് നിലവിൽ മൃഗങ്ങൾക്കെതിരെയുളള ക്രൂരത തടയുന്ന വകുപ്പ് പ്രകാരം കേസ്സെടുത്തിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം. 200 ലേറെ നായ്ക്കളെ ഈരീതിയിൽ പിടികൂടി കൊന്നുവെന്നും പരാതിയിലുണ്ട്. എന്നാൽ നായകളെ കൊന്ന് കുഴിച്ചുമൂടിയിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കഴിഞ്ഞ രണ്ടുമാസത്തിനിടെ 25 ലേറെ ആളുകൾക്കാണ് മൂന്നാറിൽ തെരുവുനായ്ക്കളുടെ കടിയേറ്റത്. തെരുവുനായ ശല്യം നിയന്ത്രിക്കാത്തതിൽ പഞ്ചായത്തിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. അതിനിടയിലാണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നെന്ന പരാതി ഉയർന്നിരിക്കുന്നത്.