മാട്ടുപ്പെട്ടിയിലെ ബോട്ടിങ് നിര്‍ത്താന്‍ നിർദേശം ; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ്

By Web TeamFirst Published Jun 6, 2023, 4:34 PM IST
Highlights

കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയ സംഭവത്തെ തുടര്‍ന്നാണ് നടപടി.

മൂന്നാര്‍: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് മൂന്നാര്‍ പൊലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയശേഷമാണ് നോട്ടീസ് കൊടുത്തത്. മാട്ടുപ്പെട്ടിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് നല്‍കുമെന്നും എസ്എച്ച്ഒ പറഞ്ഞു. 

കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയെങ്കിലും 33 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു. ബോട്ടിന്റെ എഞ്ചിന് സമീപത്തെ ഷാഫ്റ്റ് ഗ്ലാന്‍ഡ് വഴിയാണ് വെള്ളം കയറിയതെന്നും അത് നന്നാക്കാന്‍ കൊണ്ടുപോകാന്‍ ഇരിക്കുകയായിരുന്നെന്നായിരുന്നു ഉടമയുടെ വിശദീകരണം. ബോട്ടിങ് സെന്ററില്‍ നിന്നു മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി മിനിറ്റിനുള്ളില്‍ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുകയായിരുന്നു. സഞ്ചാരികള്‍ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് ലാന്‍ഡിങ് സ്ഥലത്തെത്തിക്കുകയായിരുന്നു.

  
ഇന്ത്യയിൽ അടയ്‌ക്കേണ്ട മുഴുവൻ നികുതിയും അടച്ചില്ലെന്ന് ബിബിസി സമ്മതിച്ചതായി റിപ്പോർട്ട് 

click me!