തോട്ടം തൊഴിലാളികളുടെ അതിജീവനത്തിന് നാലുകോടിയുടെ ആശ്വാസ പദ്ധതിയുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

By Web TeamFirst Published May 28, 2020, 4:51 PM IST
Highlights

 കൊവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് നാലുകോടി രൂപയുടെ ആശ്വാസ പദ്ധതികളുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 

ഇടുക്കി: കൊവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് നാലുകോടി രൂപയുടെ ആശ്വാസ പദ്ധതികളുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. കോവിഡ് കാലത്ത് പ്രതിസന്ധി തരണം ചെയ്യാന്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക്  കരുത്തേകുന്ന സാമ്പത്തിക പദ്ധതികളുമായി മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 

വരുമാനത്തിന് വന്‍ ഇടിവു നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്നതാണ് പദ്ധതി. നാല് കോടി രൂപയുടെ വിവിധ പദ്ധതികളാണ് നല്‍കുന്നത്. തേയിലത്തോട്ട തൊഴിലാളികള്‍ക്ക് മാസത്തില്‍ 15 ദിവസം മാത്രമാണ് ജോലിയുള്ളത്. നേരത്തേ ലഭിച്ചിരുന്ന വരുമാനത്തിന്റെ പാതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ സാഹചര്യം മുന്നില്‍ കണ്ട് ഓരോ തൊഴിലാളികള്‍ക്ക് 5000 രൂപയുടെ വായ്പകള്‍ അനുവദിക്കും. ഇതുകൂടാതെ 57 പൈസ പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പകളും അനുവദിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെവി ശശി പറഞ്ഞു. 

സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മൂന്നാര്‍, ദേവികുളം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത 7000 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കും. ഓരോ കുടുംബത്തിനും 1000 രൂപ വീതമായിരിക്കും നല്‍കുന്നത്. സാമ്പത്തികസഹായങ്ങള്‍ നല്‍കുന്നതിനോടൊപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് നേതൃത്വം നല്‍കുന്നുണ്ട്. 

ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് ബാങ്കിന്റെ നേതൃത്വത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അയ്യായിരം മാസ്‌കുകള്‍ തൊഴിലാളികള്‍ക്ക് നല്‍കി. ഇതിന്റെ ഉദ്ഘാടനം മൂന്നാര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വച്ച് ബാങ്ക് പ്രസിഡന്റ് കെവി ശശി നിര്‍വ്വഹിച്ചു. ബാങ്കിന്റെ സെക്രട്ടറി ബേബി പോള്‍, ഭരണസമിതി അംഗങ്ങളായ ടി.എ.ജാഫര്‍, വിജയകുമാര്‍, ഷാജി.വി.ഒ, മാരിയപ്പന്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

click me!