
ഇടുക്കി: പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച് മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതി. ഇവിടെ പരിഗണിച്ചിരുന്ന കേസുകള്‍ മറ്റ് കോടതികളിലേക്ക് തിരിച്ചയച്ചു. ട്രിബ്യൂണല്‍ കോടതി ലക്ഷ്യം കാണാതെ അസ്തമിച്ചെന്ന് ബാര്‍ അസോസിയേഷന്‍ പറഞ്ഞു. എട്ടുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടതിയുടെ നടത്തിപ്പിന്‍റെ പേരില്‍ നഷ്ടമായത് പത്തുകോടി രൂപയാണ്. 2010ലാണ് എട്ട് വില്ലേജുകളില്‍ നിലനില്‍ക്കുന്ന ഭൂമി സംബന്ധമായ കേസുകളില്‍ പെട്ടന്ന് തീര്‍പ്പുകല്‍പ്പിക്കുന്നതിനുവേണ്ടി മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതി ആരംഭിച്ചത്.
ഒരു ഹൈക്കോടതി ജഡ്ജിയും ഒരു വിരമിച്ച ജഡ്ജിയും ഒരു ഹൈക്കോടതി അഭിഭാഷകനും അടങ്ങുന്നതായിരുന്നു ട്രിബ്യൂണല്‍. എട്ട് വില്ലേജുകളിലെ മറ്റ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളടക്കം ട്രിബ്യൂണല്‍ കോടതിയിലേയ്ക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഈ കേസുകളിലൊന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്ക് കഴിഞ്ഞതുമില്ല. ആരംഭത്തിലേ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരുന്നു. വിധി പറഞ്ഞ കേസുകളിലെ ഭൂമി ഏറ്റെടുക്കുന്നതിനാകട്ടെ സര്‍ക്കാരിനും കഴിഞ്ഞില്ല.
മാത്രവുമല്ല ട്രിബ്യൂണല്‍ പ്രവര്‍ത്തനത്തിനായി കോടികള്‍ മുടക്കുമ്പോഴും കേസുകള്‍ കെട്ടിക്കിടന്നതോടെ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. ഇതോടെ 2018ല്‍ ട്രിബ്യൂണലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ മാസത്തോടെ ട്രിബ്യൂണലിലേക്ക് മാറ്റിയ കേസുകളുടെ ഫയല്‍ മുമ്പ് കേസ് നിലനിന്നിരുന്ന കോടതികളിലേക്ക് തിരിച്ചയക്കുകകൂടി ചെയ്തതോടെ മൂന്നാര്‍ ട്രിബ്യൂണല്‍ കോടതി പൂര്‍ണ്ണമായി അടച്ചുപൂട്ടി.
കയ്യേറ്റ കേസുകളടക്കം കൈകാര്യം ചെയ്യുന്നതിന് ട്രിബ്യൂണലിനുവേണ്ട സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്യത്തിലേക്കെത്താന്‍ ട്രിബ്യൂണലിന് കഴിഞ്ഞിട്ടില്ലെന്നും ബാര്‍ അസോസിയേഷനും ആരോപിച്ചു. ട്രിബ്യൂണല്‍ കോടതി നടത്തിപ്പിനായി ചെലവാക്കിയ തുക നഷ്ടമായതല്ലാതെ മറ്റൊരു പ്രയോജനവും എട്ട് വില്ലേജുകളിലെ ജനങ്ങള്‍ക്ക് ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനംകൊണ്ട് ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam