മൂന്നാർ ടൗണിൽ പേടിസ്വപ്നമായി കാട്ടാനകൾ; കടകളും സ്കൂൾ മതിലും തകർത്ത് വിഹാരം

By Web TeamFirst Published Aug 31, 2020, 3:32 PM IST
Highlights

മൂന്നാര്‍ ടൗണില്‍ രാത്രിയുണ്ടാകുന്ന കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു.

ഇടുക്കി: മൂന്നാര്‍ ടൗണില്‍ രാത്രിയുണ്ടാകുന്ന കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോടു ചേര്‍ന്ന് പഴയമൂന്നാറിലുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തത്. 

രാത്രികാലത്തും വാഹനങ്ങളുടെയും യാത്രക്കാരുടെ സാന്നിധ്യമുള്ള റോഡിലെ ചുറ്റുമതില്‍ തകര്‍ത്തതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടാന ചുറ്റുമതില്‍ തകര്‍ത്തതോടെ സമീപത്തുള്ള വീടുകളിലും കെട്ടിടങ്ങളിലുമുള്ളവര്‍ ഉറക്കമില്ലാതെയാണ് രാത്രി വെളുപ്പിച്ചത്. 

ചുറ്റുമതിലിനു സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ടായിരുന്നു. രാത്രിയിലെത്തിയ കാട്ടാന പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞദിവസം ചൊക്കനാട് എസ്റ്റേറ്റിലെ ജനവാസമേഖലയിലെത്തിയ കാട്ടാന വീടിനു മുന്നില്‍ നിര്‍ത്തിയിട്ടുരുന്ന വാഹനം ആക്രമിച്ച് കേടു വരുത്തിയിരുന്നു. 

കഴിഞ്ഞയാഴ്ച മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപത്തുള്ള ഒരു കട രാത്രിയിലെത്തിയ കാട്ടാന തകര്‍ത്തിരുന്നു. ഇതുകൂടാതെ നല്ലതണ്ണി പാലത്തിനു സമീപത്തെ കടകളും മൂന്നാര്‍ മാര്‍ക്കറ്റിനുള്ളിലെ കടകളും രാത്രിയിലെത്തിയ കാട്ടാനകള്‍ തകര്‍ത്തിരുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപത്തു ചേര്‍ന്നു നില്‍ക്കുന്ന കാട്ടാനകള്‍ പഴയമൂന്നാര്‍ വര്‍ക്ഷോപ്പ് ക്ലബിന്റെ പരിസരത്തുള്ള വീടുകള്‍ക്കു സമീപമെത്തിയിരുന്നു. മൂന്നാര്‍ ടൗണില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ വനം വകുപ്പ് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

click me!