
മൂന്നാർ: കാട്ടാന ശല്യം ഒഴിയാതെ മൂന്നാർ. പഴയമൂന്നാറിലെ കൃഷിയിറടങ്ങിളിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിച്ചു. രാത്രി ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഒരിടവേളയ്ക്ക് ശേഷം മൂന്നാറിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാവുകയാണ്. ലോക്ഡൗൺ കാലത്ത് മൂന്നാറിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് വനപാലകർ കാവൽ നിന്ന് കാട്ടാനകളെ കാടുകയറ്റി. എന്നാൽ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ വീണ്ടും കാടിറങ്ങുകയാണ്.
ഇക്കാനഗർ, പഴയമൂന്നാർ, മൂന്നാര്‍ കോളനി എന്നിവിടങ്ങളിലാണ് ശല്യം രൂക്ഷം. ഇക്കാനഗറിൽ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. നടപ്പാത തകർത്തു. കഴിഞ്ഞ ദിവസം പഴയമൂന്നാറിലിറങ്ങിയ ഒറ്റയാൻ സർക്കാർ സ്കൂളിന്‍റെ സംരക്ഷണഭിത്തി തകർത്തിരുന്നു.
ആന ഇറങ്ങിയതറിയാതെ ഈ വഴി വന്ന ബൈക്ക് യാത്രക്കാരൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ ഓടിക്കാൻ വനംവകുപ്പ് ഉടൻ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam