കൃഷിയില്‍ ജീവിക്കുന്ന തമിഴ്‍നാടന്‍ ഗ്രാമം; മുന്തല്‍ കേരളത്തിന്‍റെ കലവറ

By Web TeamFirst Published Oct 29, 2019, 3:58 PM IST
Highlights

കൊച്ചി - ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി നിരന്ന് കിടക്കുന്ന ഈ ഗ്രാമം കണ്ടാല്‍ ഹൈറേഞ്ചിന്‍റെ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാടെന്നേ തോന്നൂ. 

ഇടുക്കി: പരമ്പരാഗത നെല്‍കൃഷിയും കേരവൃക്ഷങ്ങളും  കേരളത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഇവയെല്ലാംകൊണ്ട് സമ്പന്നമായൊരു തമിഴ്നാടന്‍ ഗ്രാമമുണ്ട്. ബോഡിമെട്ടില്‍ നിന്ന് ചുരമിറങ്ങി മുന്തലെന്ന ഗ്രാമത്തിലെത്തിയാല്‍ ഹൈറേഞ്ചിലെ കാര്‍ഷിക ഗ്രാമങ്ങളുടെ പ്രതീധിയാണ്. ബോഡിമെട്ടില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് മുന്തല്‍. 

കൊച്ചി ധനുഷ്‌കൊടി ദേശീയപാതയുടെ ഇരുവശത്തുമായി നിരന്ന് കിടക്കുന്ന ഈ ഗ്രാമം കണ്ടാല്‍ ഹൈറേഞ്ചിന്‍റെ കുട്ടനാടെന്ന് അറിയപ്പെടുന്ന മുട്ടുകാടെന്നേ തോന്നൂ. പലവിധ കാരണങ്ങള്‍ കൊണ്ട് ഹൈറേഞ്ചില്‍ നിന്നടക്കം നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കര്‍ഷകര്‍ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുകയാണ്. 

കുരങ്ങണി മലമുകളില്‍ നിന്ന് ഉത്ഭവിച്ച് ഇതുവഴി ഒഴുകിയെത്തുന്ന തോടാണ് ജലസേജനത്തിനുള്ള ഏക ആശ്രയം. പൂര്‍വ്വികന്മാര്‍ പകര്‍ന്ന് നല്‍കിയ കാര്‍ഷിക സംസ്‌ക്കാരം ഈ തലമുറയും തുടര്‍ന്ന് വരികയാണ്. കൃഷിയില്‍ നിന്ന് കാര്യമായ ലാഭമില്ലെന്നും സര്‍ക്കാരില്‍ നിന്ന് വേണ്ട സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. 

നെല്‍കൃഷിക്കൊപ്പം ഇടതൂര്‍ന്ന് ഉയര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളും മനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. മുമ്പ് കേരളത്തില്‍ നിന്ന് തേങ്ങ കയറ്റി അയച്ചിരുന്നെങ്കില്‍ ഇന്ന് ഇവിടെ നിന്നുമാണ് കേരളത്തിലേയ്ക്ക് തേങ്ങ എത്തുന്നത്. ഇതോടൊപ്പം മാവടക്കമുള്ള ഫലവൃക്ഷങ്ങളും പച്ചക്കറിയും അടക്കം ഇവിടെ കൃഷിയിറക്കുന്നുണ്ട്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഇവിടുത്തെ കര്‍ഷകര്‍ ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്.  

click me!