
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ആറുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന മുറജപം വ്യാഴാഴ്ച പുലര്‍ച്ചെ ഗണപതിഹോമത്തോടുകൂടി ആരംഭിക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന് മുന്നോടിയായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നാലുനടകളിലും 56 ദിവസത്തേക്ക് വേദമണ്ഡപം തുറക്കും. രാജ്യത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തിരുവിതാംകൂര്‍ രാജവംശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയവച്ചതാണ് മുറജപം. ഓരോ മുറയിലും വേദങ്ങൾ ക്രമമായി ജപിക്കുന്നു. ഒരുമുറ എന്നാല്‍ എട്ടുദിവസം കൂടുന്നതാണ്. ഏഴുദിവസം കഴിഞ്ഞ് എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവില്‍ ഭഗവാനെ പ്രത്യേക വാഹനത്തില്‍ എഴുന്നള്ളിക്കുന്ന മുറശീവേലി.
ബുധനാഴ്ച വൈകിട്ട് 4.30ന് പുഷ്പാഞ്ജലി സ്വാമിയാര്‍ ഒറവങ്കര അച്യുതഭാരതി കിഴക്കേനടയില്‍ ദീപം തെളിയിക്കുന്നതോടെ ചടങ്ങുകളാരംഭിക്കും. മുന്‍കാലങ്ങളില്‍ ഋക്, യജുര്‍, സാമ വേദങ്ങളാണ് ജപിച്ചിരുന്നതെങ്കിലും ഇത്തവണ അഥര്‍വവേദം കൂടി ജപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മുറ അവസാനിക്കുന്ന എട്ടാം ദിവസം രാത്രി 8.30ന് നടക്കുന്ന മുറശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി പോകും. ദിവസവും ജപം കഴിഞ്ഞ് ജപക്കാര്‍ക്ക് എട്ടരയോഗം പോറ്റിമാരാണ് ദക്ഷിണ നല്‍കുന്നത്. ശൃംഗേരി, ഉടുപ്പി, ഉത്രാദി, കാഞ്ചീപുരം എന്നീ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ക്ക് പുറമെ ഹൈദരാബാദിലുള്ള ചിന്നജീയര്‍ സ്വാമിയും ജപത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്ന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ, തൃശൂര്‍ വാധ്യാന്മാര്‍, കൈമുക്ക്, പന്തല്‍, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികര്‍ എന്നിവര്‍ ജപത്തിനെത്തും. മുറജപത്തിന്‍റെ ഭാഗമായി 20 മുതല്‍ ജനുവരി 10 വരെ വൈകീട്ട് അഞ്ച് മുതല്‍ രാത്രി 9 വരെ കിഴക്കേനടയിലും വടക്കേനടയിലും കലാപരിപാടികള്‍ നടക്കും. വന്ദേ പദ്മനാഭം എന്ന പേരില്‍ നടക്കുന്ന കലാപരിപാടികളില്‍ രാജ്യത്തെ പ്രശസ്തകലാകാരന്മാര്‍ പങ്കെടുക്കും. 20ന് വൈകീട്ട് 5ന് സിനിമാതാരം റാണദഗ്ഗുബതി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
20 മുതല്‍ 48 ദിവസം പദ്മതീര്‍ഥക്കുളത്തില്‍ വൈദ്യുത ദീപാലങ്കാരം ഉണ്ടായിരിക്കും. ജനുവരി 13 മുതല്‍ 16 വരെ പദ്മതീര്‍ഥക്കുളം, കിഴക്കേഗോപുരം, ശീവേലിപ്പുര, ഉപദേവന്മാരുടെ ക്ഷേത്രങ്ങള്‍, മൂന്ന് ഗോപുരങ്ങള്‍, നാല് നടകളിലെ റോഡുകള്‍ എന്നിവിടങ്ങളില്‍ ദീപാലങ്കാരം ഉണ്ടായിരിക്കും. 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബര്‍ 27 മുതല്‍ ജനുവരി 7 വരെ നടത്തും. പതിവുള്ള മാര്‍കഴി കളഭം ജനുവരി 8 മുതല്‍ 14 വരെയാണുണ്ടാവുക. ഉത്തരായന സംക്രാന്തിയും മകരശീവേലിയും ലക്ഷദീപവും ജനുവരി 14 നാണ്. ലക്ഷദീപത്തിന്‍റെ ഭാഗമാകാന്‍ ഭക്തര്‍ക്ക് ഏകദീപാര്‍ച്ചനയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ കൗണ്ടറുകളില്‍ ഇതിന് മുന്‍കൂട്ടി ബുക്കുചെയ്യാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam