
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൻ്റെ പേരിൽ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്ന് 16.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ യുവതി റിമാൻഡിലായി. പരാതിക്കാരനിൽ നിന്ന് പണം തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ തിരുവനന്തപുരം തിരുമല പി.ഒ. പുത്തേരിൽ വീട്ടിൽ ആര്യാദാസിനെ (33) യാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആര്യാദാസിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന്, ഇന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ് മെഡിക്കൽ കോളേജിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനുമായി ബന്ധപ്പെട്ടത്. സ്വകാര്യ ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി, വ്യാജ ഷെയർ ട്രേഡിങ്ങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ പല തവണകളായി പണം അയച്ചുകൊടുക്കുകയായിരുന്നു. രണ്ട് മാസത്തിനിടയിൽ 16.6 ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.
പരാതിക്കാരൻ അയച്ച പണം ലാഭം ഉൾപ്പെടെ വ്യാജ ആപ്പിൽ കാണിക്കുകയും, എന്നാൽ ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വരികയും ചെയ്തപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം മനസ്സിലായത്. തുടർന്ന്, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്സിൻ്റെ നിർദ്ദേശപ്രകാരം നവംബർ 10ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഒ. ഏലിയാസ് പി. ജോർജ്ജിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പരാതിക്കാരൻ അയച്ച പണം അറസ്റ്റിലായ പ്രതി തൻ്റെ പേരിലുള്ള ഇൻഡസ്ഇൻഡ് ബാങ്കിൻ്റെ തിരുവനന്തപുരം ബ്രാഞ്ചിലേക്കാണ് അയച്ചു വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ 4.5 ലക്ഷം രൂപ എൻ.സി.ആർ.പി. പോർട്ടൽ വഴി പരാതിക്കാരന് തിരികെ ലഭിക്കുന്നതിനായി മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ, കേരളത്തിലെ എറണാകുളം സിറ്റിയിലും ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലുമായി ഇവർക്കെതിരെ 28 പരാതികൾ നിലവിലുണ്ട്. ഐ.പി. അഡ്രസ്സുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam