
തിരുവനന്തപുരം: വെട്ടുകത്തിയുമായി അക്രമാസക്തനായി നിൽക്കുന്ന ഒരാളുടെ മുന്നിൽ ലാത്തി മാത്രം ഉപയോഗിച്ച് ക്ഷമയോടെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന പോലീസുകാരൻ്റെ ചിത്രം പങ്കുവെച്ച് മുരളി തുമ്മാരുകുടി. സ്വന്തം ജീവൻ പണയം വെച്ച് നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന പോലീസുകാരുടെ സുരക്ഷയെക്കുറിച്ചും മറ്റു രാജ്യങ്ങളിലെ 'റൂൾസ് ഓഫ് എൻഗേജ്‌മെൻ്റു'മായി താരതമ്യം ചെയ്തും ഉള്ള അദ്ദേഹത്തിൻ്റെ കുറിപ്പ് ശ്രദ്ധേയമാണ്.
"ഇതത്ര നല്ലതല്ല. നമ്മളെയും നിയമവാഴ്ചയെയും സംരക്ഷിക്കുന്ന പോലീസുകാർക്കും സംരക്ഷണം വേണം, അവകാശങ്ങൾ ഉണ്ടാവുകയും വേണം," തുമ്മാരുകുടി അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങളിലെ സാഹചര്യം അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. "അമേരിക്ക ഉൾപ്പടെ മറ്റു പല രാജ്യങ്ങളിലും ആയിരുന്നെങ്കിൽ പ്രത്യേകം ചോദ്യവും നെഗോസിയേഷനും ഒന്നും ഉണ്ടാകില്ല. പോലീസുകാർക്കെതിരെ ആയുധം എടുക്കുക പോലും വേണ്ട ആയുധം എടുക്കുമെന്ന് തോന്നിയാൽ മതി. കഥ കഴിഞ്ഞു," എന്നും അദ്ദേഹം കുറിച്ചു.
പോലീസുകാരുടെ ജീവന്റെ വില.. വെട്ടുകത്തിയുമായി അക്രമാസക്തമായി നിൽക്കുന്ന ഒരാളുടെ മുന്നിൽ ലാത്തിയും ആയി ക്ഷമയോടെ കത്തി താഴെയിടാൻ ആവശ്യപ്പെടുന്ന പോലീസുകാരന്റെ വീഡിയോ കാണുന്നു. പേടി തോന്നി, പോലീസുകാരനോട് സഹതാപവും. അയാൾ കത്തിയെടുത്ത് ഒന്ന് വെട്ടിയാൽ പോലീസുകാരന്റെ കഥ കഴിയും അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കും, മിക്കവാറും പോലീസ് ജീവിതം തന്നെ അവസാനിക്കും.
എന്നാലും ക്ഷമയോടെ, മാന്യമായിട്ടാണ് പോലീസുകാരൻ പെരുമാറുന്നത്.
അവസാനം അയാളെ വെടിവച്ചാണ് കീഴ്പ്പെടുത്തിയത് എന്ന് വായിച്ചു. ഭാഗ്യം കൊണ്ട് പോലീസുകാർക്ക് പരിക്കൊന്നും പറ്റിയില്ല. നമ്മുടെ പോലീസിനിന്റെ റൂൾസ് ഓഫ് എൻഗേജ്മെന്റ് ഇങ്ങനെ ആയിരിക്കും, അതുകൊണ്ടാണ് പ്രത്യേകിച്ച് ഒരു വ്യക്തി സുരക്ഷാ ഉപകരണങ്ങളോ പ്രതിരോധ സംവിധാനമോ ഇല്ലാതെ ഒരു പോലീസുകാരന് ഇങ്ങനെ അക്രമാസക്തമായ ഒരാളുടെ മുന്നിൽ പോയി നിൽക്കേണ്ടി വരുന്നത്. ഇതത്ര നല്ലതല്ല. നമ്മളെയും നിയമവാഴ്ചയെയും സംരക്ഷിക്കുന്ന പോലീസുകാർക്കും സംരക്ഷണം വേണം, അവകാശങ്ങൾ ഉണ്ടാവുകയും വേണം. അമേരിക്ക ഉൾപ്പടെ മറ്റു പല രാജ്യങ്ങളിലും ആയിരുന്നെങ്കിൽ പ്രത്യേകം ചോദ്യവും നെഗോസിയേഷനും ഒന്നും ഉണ്ടാകില്ല. പോലീസുകാർക്കെതിരെ ആയുധം എടുക്കുക പോലും വേണ്ട ആയുധം എടുക്കുമെന്ന് തോന്നിയാൽ മതി.
കഥ കഴിഞ്ഞു.