
മൂവാറ്റുപുഴ: വധശ്രമക്കേസില്‍ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. 2019 ഡിസംബർ 27ന് മുളവൂർ പൊന്നിരിക്കപറമ്പിൽ യുവാക്കളെ ആക്രമിക്കുകയും ഇന്നോവ കാർ തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ മുളവൂർ ആലപ്പാട്ട് വീട്ടിൽ മെര്‍ഷിദ് (34 ) ആണ് പിടിയിലായത്.
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കോതമംഗലം നങ്ങേലിപ്പടിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ, കോതമംഗലം, കൂത്താട്ടുകുളം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിരവധി വധശ്രമ, അടിപിടി കേസിലെ പ്രതി ആയ ഇയാൾ പോലീസിനു പിടിനൽകാതെ ഒളിച്ചു താമസിക്കുകയായിരുന്നു.
കേസിൽ ഉൾപ്പെട്ടാൽ സാക്ഷികളെയും എതിർകക്ഷികളെയും ഗുണ്ടസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന രീതിയാണ് ഇയാൾ പിന്തുടരുന്നത്. കഴിഞ്ഞ 10 മാസമായി അന്യസംസ്ഥാനങ്ങളിലും ജില്ലകളിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐമാരായ ശശികുമാർ വി.കെ., ആർ. അനിൽകുമാർ, എ.എസ്.ഐ. മാരായ പി.സി. ജയകുമാർ, ഷിബു ഇ. ആർ., സീനിയർ സി.പി.ഒ.മാരായ ഷനിൽ കെ. എസ്, ബിബിൽ മോഹൻ എന്നിവരുമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam