പള്ളി വികാരിയെ അപായപ്പെടുത്താന്‍ ശ്രമം; മുൻ പള്ളി കമ്മിറ്റി അംഗത്തിന് ശിക്ഷ

By Web TeamFirst Published Feb 24, 2021, 7:11 AM IST
Highlights

2016 മെയ് ആറിന് വൈകിട്ട് നാല് മണിക്ക് പളളി കമ്മിറ്റി നടക്കുന്നതിനിടെയാണ് സംഭവം. കമ്മിറ്റിക്കിടെ കയറിവന്ന തോമസ്, തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും തന്നോടൊന്നും സംസാരിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തര്‍ക്കമുണ്ടാക്കി. 

മാവേലിക്കര:പള്ളിവികാരിയെ പെട്രോളൊഴിച്ച് തീകത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുൻ പള്ളി കമ്മിറ്റി അംഗത്തെ കോടതി ശിക്ഷിച്ചു. കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെ പള്ളികമ്മിറ്റിക്കിടെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെക്കേക്കര വടക്കേമങ്കുഴി തുണ്ടില്‍തറയില്‍ സോണിവില്ലയില്‍ തോമസിനെ (മോഹനന്‍-59) ആണ് രണ്ടു വര്‍ഷവും ഒരുമാസവും തടവിന് ശിക്ഷിച്ച് മാവേലിക്കര അസി. സെഷന്‍സ് കോടതി ജഡ്ജി എഫ്. മിനിമോള്‍ ഉത്തരവായത്. ഐ.പി.സി 308 പ്രകാരം രണ്ടുവര്‍ഷവും, 341 പ്രകാരം ഒരുമാസവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 

2016 മെയ് ആറിന് വൈകിട്ട് നാല് മണിക്ക് പളളി കമ്മിറ്റി നടക്കുന്നതിനിടെയാണ് സംഭവം. കമ്മിറ്റിക്കിടെ കയറിവന്ന തോമസ്, തന്നെയാരും കമ്മിറ്റിക്ക് വിളിക്കുന്നില്ലെന്നും തന്നോടൊന്നും സംസാരിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തര്‍ക്കമുണ്ടാക്കി. പള്ളിവികാരി രാജി ഈപ്പന്‍, ഇത്തരം വിഷയങ്ങള്‍ പള്ളികമ്മിറ്റിക്ക് ശേഷം സംസാരിക്കാമെന്നു പറഞ്ഞ് തോമസിനെ വിലക്കി. ഉടന്‍, തോമസ് പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച് വിശുദ്ധ വ്‌സ്ത്രത്തിലും ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് ളോഹക്ക് തീപിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

രാജി ഈപ്പന്‍ തോമസിന്റെ കൈതട്ടിമാറ്റി തൊട്ടടുത്തുള്ള പാഴ്‌സനേജിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുറത്തികാട് പൊലീസാണ് കേസെടുത്തത്. ആകെ ഒൻപത് സാക്ഷികളുണ്ടായിരുന്ന കേസില്‍ എട്ട് പേരേ വിസ്തരിച്ചു. ദൃക്‌സാക്ഷികളില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചു. രണ്ടു പേര്‍ കൂറുമാറി. ഒരു ദൃക്‌സാക്ഷിയുടെ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ നാസറുദ്ദീന്‍ ഹാജരായി

click me!