
തൃശൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ രാത്രികാല പരിശോധനയിൽ കഞ്ചാവ് വിൽപന നടത്തിയ കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവും എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡും ചേർന്ന് പിടികൂടി.
കണിമംഗലം തേക്കെത്തല വീട്ടിൽ ബേബി മകൻ ബിജോയ് (45), കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കൽ ദേശത്തു രവീന്ദ്രൻ മകൻ നിഖിൽ(40) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 1.045 കിലോ കഞ്ചാവും ഇരുചക്ര വാഹനവും പിടിച്ചെടുത്തു.
തൃശൂർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റോയ്, ഐ.ബി ഇൻസ്‌പെക്ടർ എ.ബി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കണിമംഗലം, നെടുപുഴ ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ പരിശോധന നടത്തിയത്. അടുത്ത ദിവസങ്ങളും പരിശോധന തുടരും.
പ്രതികളെ പിടികൂടിയ സംഘത്തിൽ ഐ.ബി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.എം. ജബ്ബാർ, എം.ആർ. നെൽസൻ, കെ.എൻ. സുരേഷ്, എക്‌സൈസ് സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. വത്സൻ, ടി.കെ. കണ്ണൻ, വി.എസ്. സുരേഷ് കുമാർ, അഫ്‌സൽ, നിവ്യ എന്നിവരുണ്ടായിരുന്നു.