അഭിമന്യുവിന്‍റെ സഹോദരിയുടെ വിവാഹം കേമമാക്കാന്‍ സിപിഎം; ക്ഷണക്കത്ത് പാര്‍ട്ടി സെക്രട്ടറിയുടെ പേരില്‍

By Web TeamFirst Published Oct 26, 2018, 1:41 PM IST
Highlights

നവംബര്‍ അഞ്ചിന് കൊട്ടാക്കമ്പൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാവരെയും മറ്റു പ്രമുഖരെയും കല്യാണത്തിന് ക്ഷണിക്കുമെന്ന് സിപിഎം

ഇടുക്കി: എറണാകുളം മഹാരാജാസില്‍ കോളജിലെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ സഹോദരി കൗസല്യയുടെ കല്യാണം വിളി തുടങ്ങി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് കല്യാണക്കുറി അടിച്ചിരിക്കുന്നത്.

നവംബര്‍ 11നാണ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെയും കോവിലൂര്‍ സ്വദേശി മധുസൂദന്റെയും കല്യാണം. നേരത്തെ കൊട്ടാക്കമ്പൂരിലെ റിസോര്‍ട്ടില്‍ വച്ച് കല്യാണം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ വിഐപികളടക്കം ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്നതിനാല്‍ വട്ടവട ഊര്‍ക്കാടുള്ള കുര്യാക്കോസ് ഏലിയാസ് ഹൈസ്‌കൂള്‍ മൈതാനത്ത് വച്ചാണ് കല്യാണവും വിരുന്ന് സത്ക്കാരവും നടക്കുക.

നവംബര്‍ അഞ്ചിന് കൊട്ടാക്കമ്പൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് തമിഴ് ആചാരപ്രകാരമുള്ള പൂവിടീല്‍ ചടങ്ങ് നടക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാവരെയും മറ്റു പ്രമുഖരെയും കല്യാണത്തിന് ക്ഷണിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. കൊട്ടാക്കമ്പൂര്‍, വട്ടവട ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ക്കും മറ്റും കല്യാണക്കുറി വിതരണം ചെയ്യാന്‍ തുടങ്ങിയെന്നും അദേഹം പറഞ്ഞു.

ജൂലൈ രണ്ടിന് വെളുപ്പിനാണ് എസ്.എഫ്.ഐ.നേതാവും മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കോളേജില്‍ വച്ച് കുത്തേറ്റ് മരണപ്പെട്ടത്. അഭിമന്യുവിന്‍റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

കുത്തേറ്റ അഭിമന്യൂ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. കേസില്‍ പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെ ആദ്യ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നു. 

click me!