ലീഗ് പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാർഥിയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു; രണ്ടു വയസ്സുകാരിയായ മകള്‍ ആശുപത്രിയില്‍

By Web TeamFirst Published Jan 5, 2021, 12:13 AM IST
Highlights

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂർ ഡിവിഷനിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച മാട്ടറ അലി ഹസന്‍റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞത്. 

തിരൂരങ്ങാടി: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്ലീം ലീഗ്  പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ ഇടത് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിലേക്ക് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു. പടക്കം പൊട്ടിയ ശബ്ദം കേട്ട്   മാനസിക വിഭ്രാന്തിയിലായ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂർ ഡിവിഷനിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച മാട്ടറ അലി ഹസന്‍റെ വീട്ടിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞത്. പടക്കം വീണ് കത്തി വീട്ടുവളപ്പിൽ തീപിടിച്ചു. കൂടാതെ  ലീഗ് പ്രവര്‍ത്തകര്‍ ജനൽചില്ലുകള്‍ കല്ലുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.

ശബ്ദം കേട്ട് പുറത്തിറങ്ങിയ അലി ഹസനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പടക്കം പൊട്ടിയതിൻറെ ആഘാതത്തിൽ പരിഭ്രാന്തയായ അലി ഹസൻന്‍റെ രണ്ട് വയസുകാരിയായ മകൾ ഇൻശ ഫാതിമയെ രാത്രി 11-30 ഓടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലി ഹസൻ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ യാറത്തുംപടിയിൽ പ്രകടനം നടന്നു.

click me!