അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ അബ്ദുല്‍ അസീസിനെ നിലമ്പൂരിലെ കുറുവന്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. 

മലപ്പുറം: അരീക്കോട് മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂര്‍ സ്വദേശി പറക്കോടന്‍ അബ്ദുല്‍ അസീസിനെ (45) നിലമ്പൂര്‍ അകമ്പാടത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അകമ്പാടം കണ്ണന്‍കുണ്ടിലെ കുറുവന്‍ പുഴയിലാണ് മൃതദേഹം കണ്ടത്. പുഴയില്‍ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

2010 ല്‍ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ഇതിനു മുന്‍പും ഇയാള്‍ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തില്‍ കൂടുതല്‍ ദുരൂഹതകളുണ്ടോ എന്നറിയാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.