ജിഫ്രി തങ്ങള്‍ക്കെതിരെ പോസ്റ്റിട്ടതിന് മാറ്റി നിര്‍ത്തിയ ജില്ല സെക്രട്ടറിയെ മുസ്ലീം ലീഗ് തിരിച്ചെടുത്തു

By Web TeamFirst Published Jan 18, 2022, 1:01 AM IST
Highlights

ഫേസ്ബുക്കില്‍ കമന്റിട്ടതിനെ കുറിച്ചു നല്‍കിയ വിശദീകരണം തൃപതികരമായതിനാലാണ് തിരിച്ചെടുത്തതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.  

കല്‍പ്പറ്റ: മുസ്ലീം ലീഗ് വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരുന്ന യഹ്യാഖാനെ തിരിച്ചെടുത്തു.സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരിലായിരുന്നു യഹ്യാഖാനെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത്. ഇന്നു ചേര്‍ന്ന ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് യഹ്യാഖാനു നേരെയുള്ള നടപടി പിന്‍വലിച്ചത്. 

ഫേസ്ബുക്കില്‍ കമന്റിട്ടതിനെ കുറിച്ചു നല്‍കിയ വിശദീകരണം തൃപതികരമായതിനാലാണ് തിരിച്ചെടുത്തതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.  മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലും യഹ്യാഖാന്‍ പങ്കെടുത്തു. കഴിഞ്ഞ ഡിസംബര്‍ 29-നാണ് യഹ്യാഖാനെ ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലിമായി മാറ്റി നിര്‍ത്തിയത്.

സമസ്ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെയാണ് അധിക്ഷേപിക്കുന്ന രീതിയിൽ യഹ്യാഖാൻ കമന്റ് ചെയ്തത്. 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്' എന്നായിരുന്നു ലീഗ് വയനാട് ജില്ലാ സെക്രട്ടറിയുടെ കമന്റ്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഇതോടെയാണ് മുസ്ലിം ലീഗ് ഇടപെട്ട് നടപടിയെടുത്തത്. 

ഇന്ന് കൽപ്പറ്റയിൽ നടന്ന മുസ്ലിം ലീഗ്‌ ജില്ലാ ഭാരവാഹി യോഗമാണ് യഹ്യാഖാനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമെടുത്തത്. സംഭവത്തിൽ യഹ്യാഖാനോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മറുപടി തൃപ്തികരമായില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. 

നേരത്തെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും യഹ്യാഖാന്റെ പേര് ഉയർന്ന് വന്നിരുന്നു. എന്നാൽ തന്റെ കമന്റ് ജിഫ്രി തങ്ങള്‍ക്കെതിരെ ആയിരുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമത്തിന് എതിരെയായിരുന്നുവെന്നുമാണ് യഹ്യാഖാന്‍ തലക്കല്‍ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണം. 

click me!