
കായംകുളം: ക്ഷീര സംഘങ്ങളിലെ പാൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും പശുവിനെ കറക്കുന്നതിന് കറവക്കാരുടെ കുറവ് പരിഹരിക്കുന്നതിനും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന പാൽക്കാരി പദ്ധതി ആരംഭിച്ചു. ക്ഷീര ഉല്പാദകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനോടൊപ്പം ഒരു വനിതാ കർഷകയ്ക്ക് തൊഴിലും ഇതിലൂടെ ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങൾക്ക് ഒരു വാഹനവും കറവ യന്ത്രവും വാങ്ങുന്നതിന് 75 ശതമാനം സബ്സിഡി മുതുകുളം ബ്ലോക്ക് നൽകും. ബാക്കി തുക ക്ഷീരസംഘം ചെലവഴിച്ച് വാഹനവും ഉപകരണവും വാങ്ങി ക്ഷീര സംഘം നിർദ്ദേശിക്കുന്ന വനിതാ കർഷകർക്ക് വിതരണം ചെയ്യും. കറവക്കു ബുദ്ധിമുട്ടു നേരിടുന്ന കർഷകർ ക്ഷീരസംഘത്തിൽ അറിയിച്ചാല്‍ അവരുടെ വീട്ടിൽ പോയി പാൽ കറന്നു നൽകുന്ന സംവിധാനമാണിത്. അതിൽ നിന്നു കിട്ടുന്ന വരുമാനം സംഘത്തിൽ അടച്ചു തൊഴിലാളിക്കു ശമ്പളം നൽകുന്നതിനും ഒരു ചെറിയ വരുമാനം സംഘത്തിന് അതുവഴി നേടുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും.
മുതുകുളം ബ്ലോക്ക് തല പദ്ധതിയുടെ ഉദ്ഘാടനം പത്തിയൂർക്കാല ക്ഷീര സംഘത്തിലെ അംഗമായ പൂത്തുർ ലക്ഷം വീട്ടിൽ ആതിര മുരളിക്ക് വാഹനത്തിന്റെ താക്കോൽ നൽകി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബുജാക്ഷി ടീച്ചർ നിർവ്വഹിച്ചു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് മണി വിശ്വനാഥ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ജനുഷ, ഓച്ചിറ ചന്ദ്രൻ, സുനിൽ കൊപ്പാറേത്ത്, വാർഡ് അംഗം ശ്രീലേഖ അനിൽകുമാർ എന്നിവർ സംസാരിച്ചു. മുതുകുളം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വി എൻ പ്രിയ പദ്ധതി റിപ്പോർട്ടം പത്തിയൂർക്കാല ക്ഷീര സംഘം സെക്രട്ടറി എൽ പ്രിയ നന്ദിയും പറഞ്ഞു.
Read Also: പുള്ളിമാന്‍ വേട്ട: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam