
ഇടുക്കി: മോട്ടോർ വാഹന വകുപ്പ് നടത്തിയ കർശന പരിശോധനയിൽ ഇടുക്കി ജില്ലയിൽ മാത്രം പതിനഞ്ചു ബസുകൾക്കെതിരെ നടപടി എടുത്തു. ടൂറിസ്റ്റു ബസുകൾക്കും കെ എസ് ആർ ടി സി ബസിനുമെതിരെയാണ് നടപടി എടുത്തത്. മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. അമിതമായ പ്രകാശമുള്ള ലൈറ്റുകൾ, ശബ്ദസംവിധാനം, എയർ ഹോൺ , സൺഫിലിം തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
കുമളി - കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിൽ നടത്തിയ പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലെന്ന് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന വകുപ്പും ഹൈവേ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ബസുടമകളുടെ യാർഡുകളിലെത്തി മോട്ടോർ വാഹന വകുപ്പ് നിയമപരമല്ലാത്ത സാധനങ്ങൾ അഴിച്ചു മാറ്റാൻ നിർദ്ദേശവും നൽകി.
വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; ബസ് ഉടമയും അറസ്റ്റിൽ
അതേ സമയം തൃശൂർ ജില്ലയിലെ ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 99 നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 150 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങളിൽ നിന്നായി 98,000 രൂപ എം വി ഡി പിഴ ഈടാക്കിയിട്ടുണ്ട്. അനധികൃത രൂപമാറ്റത്തിൽ 8 വാഹനങ്ങൾ , അമിത ശബ്ദ സംവിധാനത്തോടെ 20 വാഹനങ്ങൾ, ഫ്ലാഷ്ലൈറ്റുകളുടെ ഉപയോഗത്തിലുള്ള 15 വാഹനങ്ങൾ, സ്പീഡ് ഗവർണർ ഘടിപ്പിക്കാതിരുന്ന വാഹനങ്ങൾ തുടങ്ങിയവാണ് പിടിക്കപ്പെട്ടത്. ഇത്തരം നിയമ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയതെന്ന് എം വി ഡി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എം വി ഡി തീരുമാനം. എല്ലാ ജില്ലകളിലും ഇത്തരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam