പുഴയില്‍ ഒഴുക്കില്‍പ്പെട്ടെന്നു കരുതിയ പെണ്‍കുട്ടി കൊടൈക്കനാലില്‍

By Web TeamFirst Published Oct 14, 2018, 11:36 AM IST
Highlights

പഠനം നിര്‍ത്തിയ കുട്ടി അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പണിക്ക് പോകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചിന് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല.  പ്രാഥമികാവാശ്യങ്ങള്‍ക്കായി പുഴക്കരയിലേക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികള്‍ തുടര്‍ന്നു

രാജകുമാരി: പുഴയില്‍ ഒഴുക്കില്‍പ്പെട്ടെന്നു കരുതിയ പെണ്‍കുട്ടി കൊടൈക്കനാലിലെ ബന്ധുവീട്ടില്‍. പൂപ്പാറ ലക്ഷംവീട് കോളനിയിലെ സെല്‍വിയുടെ മകള്‍ പുഷ്പവല്ലി എന്ന പതിനാലുകാരിക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് പെണ്‍കുട്ടി ബന്ധുവീട്ടില്‍ സുരക്ഷിതമായി എത്തിയെന്ന് വിവരം ലഭിച്ചത്. ടൗണിനു സമീപത്തെ കോളനിയില്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസം. 

പഠനം നിര്‍ത്തിയ കുട്ടി അമ്മയ്ക്കൊപ്പം തോട്ടത്തില്‍ പണിക്ക് പോകുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചിന് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല.  പ്രാഥമികാവാശ്യങ്ങള്‍ക്കായി പുഴക്കരയിലേക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികള്‍ തുടര്‍ന്നു. 

എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും മകള്‍ മടങ്ങിയെത്താത്തതിനാല്‍ പുഴക്കരയിലെത്തി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണു കുട്ടിയുടെ ചെരിപ്പുകള്‍ പുഴക്കരയില്‍ കിടക്കുന്നത് കണ്ടത്. എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനയിറങ്കല്‍ ഡാം കവിഞ്ഞൊഴുകുന്നതിനാല്‍ നീരൊഴുക്ക് ശക്തമാണ്. 

വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ എല്ലാവരും എത്തി. ശാന്തന്‍പാറ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ പുഴയിറമ്പിലോ ടൗണിലോ കണ്ടവര്‍ ഉണ്ടായിരുന്നില്ല. കുട്ടിയുടെ ചിത്രവും തിരിച്ചറിയല്‍ രേഖകളും ഇല്ലാതിരുന്നത് അറിയിപ്പ് നല്‍കാനും തടസമായി. 

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചു. വൈകാതെ നെടുങ്കണ്ടം ഫയര്‍ഫോഴ്സ് യൂണിറ്റും എത്തിച്ചേര്‍ന്നു.ആനയിറങ്കല്‍ ഡാമിനു ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്.  ഇതിനാല്‍ കൂടുതല്‍ തയാറെടുപ്പുകളോടെ തെരച്ചില്‍ നടത്താന്‍ ആലോചിക്കുന്നതിനിടെയാണ് കുട്ടി സുരക്ഷിതയായി കൊടൈക്കനാലില്‍ എത്തിയെന്ന വിവരം ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയത്. 

അമ്മയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങുകയും തെറ്റിദ്ധരിപ്പിക്കാനായി ചെരിപ്പുകള്‍ പുഴക്കരയില്‍ ഊരിവച്ച ശേഷം ടൗണിലെത്തി തമിഴ്നാട്ടിലേക്കുള്ള ബസില്‍ കൊടൈക്കനാലിനു പോരുകയായിരുന്നെന്നും കുട്ടി ബന്ധുവിനോട് പറഞ്ഞു.

click me!