
പുളിക്കൽ: ജോലി സ്ഥലത്ത് വെച്ച് ഒരു വർഷം മുമ്പ് വെള്ളത്തിൽ വീണ് മരിച്ച പുളിക്കൽ ചേവായൂർ സ്വദേശി സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയമുള്ളതായും പുനരന്വേഷണം ആവശ്യപ്പെട്ടും സഹോദരനും കുടുംബാംഗങ്ങളും തൃശൂർ മേഖലാ പോലീസ് മേധാവിക്ക് പരാതി നൽകി. തൃശൂരിന് സമീപം ഇല്ലിക്കൽ ഡാമിൽ ജോലി ചെയ്യുന്നതിനിടയിൽ വെള്ളത്തിൽ വീണ് സതീഷ് മരിച്ചെന്നായിരുന്നു വീട്ടുകാർക്ക് ലഭിച്ച വിവരം.
ഇത് സംബന്ധിച്ച് കുടുതൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഉത്തരമേഖലാ പോലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെട്ടു. തൃശൂർ എട്ടുമനയിലെ ഇല്ലിക്കൽ ഡാമിൽ ജല അതോറിറ്റിക്ക് വേണ്ടി പ്രവൃത്തി ഏറ്റെടുത്ത് നടത്തിയിരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരനായിരുന്നു മരിച്ച സതീഷ് (38). കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് ജോലിക്കിടെ പുഴയിൽ മുങ്ങി മരിച്ചെന്നാണ് വിവരം.
നീന്തൽ നന്നായി വശമുള്ള സതീഷ് ഒഴുക്കില്ലാത്ത പുഴയിൽ വീണ് മരിക്കാൻ സാധ്യതയില്ലായെന്ന് വീട്ടുകാരും അയൽവാസികളും പറയുന്നു. ഇത് മരണത്തിൽ സംശയം ഇടയാക്കുകയും ചെയ്യുന്നു. മരണവുമായി ബന്ധപ്പെട്ട് മരിച്ച സതിഷീന്റെ വീട്ടുകാരോട് സംഭവ ദിവസം നൽകിയ വിവരങ്ങളിലും പരസ്പര ബന്ധമുണ്ടായിരുന്നില്ലെന്നും പറയുന്നു.
ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നും അൽപ്പം അകലെയാണ് മൃതദേഹം കണ്ടതെന്നും കൂടെ ജോലി ചെയ്യുന്നവർ അപകടം കണ്ടില്ലെന്നും പറഞ്ഞായി ബന്ധുക്കൾ ഉത്തരമേഖലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കി സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ അടിയന്തര നടപടികൾ വേണമെന്നാണ് ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam